വയനാട് പനവല്ലിയിൽ വീടിനുളളിൽ കടുവ കയറി. പുഴകര കോളനിയിൽ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ എത്തിയത്. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. പട്ടിയെ ഓടിച്ചാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തിവരികയാണ്.2023 സെപ്തംബർ 21 ന് രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
വീടിന് പുറത്തിരുന്നതിനാൽ തലനാരിഴയ്ക്കാണ് വീട്ടുകാർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കയമയുടെ ഭാര്യയുടെ തൊട്ടടുത്ത് കൂടിയാണ് കടുവ തിരിച്ചിറങ്ങിയതെന്നും പെട്ടെന്ന് ഭാര്യയെ വലിച്ചുമാറ്റിയതിനാലാണ് അപകടം ഒഴിവായതെന്നും ഗൃഹനാഥൻ പറയുന്നു.
പനവല്ലി മേഖലയിൽ ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസവും പനവല്ലി സർവാണിയിൽ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകൾ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നിൽക്കൂടുതൽ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നത്.

