ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്ത ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്ന വാക്കുകളാണ് ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ഒഴിവാക്കിയത്. പുതിയ പാര്‍ലമെന്റിലേക്ക് മാറിയതിന്റെ ഭാഗമായി സമ്മാനമായിട്ടാണ് അംഗങ്ങള്‍ക്ക് ഭരണഘടന നല്‍കിയത്.
നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ നീക്കം സംശയാസ്പദമാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. വിഷയം ഉന്നയിക്കാന്‍ അവസരം ലഭിച്ചില്ല എന്നും കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് പറഞ്ഞു. വിഷയം ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും.
വനിത സംവരണ ബില്ലിന്മേലും ലോക്സഭയിൽ ഇന്ന് ചർച്ച നടക്കും. പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും, ഭരണപക്ഷത്ത് നിന്ന് മന്ത്രി സ്മൃതി ഇറാനിയുമായിരിക്കും ആദ്യം ചർച്ചയിൽ പങ്കെടുക്കുക എന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും.
ഇന്നലെയാണ് വനിത സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്‍റില്‍ അവതരിപ്പിച്ച ആദ്യ ബില്ലായി വനിതാ സംവരണ ബില്‍ മാറി. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്‍ അവതരിപ്പിച്ചത്. നാരിശക്തീ വന്ദന്‍ എന്ന പേരില്‍ അവതരിപ്പിച്ച ബില്‍ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണമാണ് ലക്ഷ്യം വയ്ക്കുന്നത്. വനിതാ സംവരണത്തിനകത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉപസംവരണം ഉണ്ടാകും. ഒബിസി വിഭാഗത്തിന്റെ സംവരണത്തെക്കുറിച്ച് ബില്ലില്‍ പരാമര്‍ശമില്ല. രാജ്യസഭയിലും നിയമ കൗൺസിലിലും സംവരണ നിർദേശമില്ല. മണ്ഡല പുനർനിർണ്ണയത്തിൻറെ അടിസ്ഥാനത്തിൽ സംവരണ സീറ്റുകൾ മാറ്റി നിശ്ചയിക്കും. പട്ടികവിഭാഗ സംവരണ സീറ്റുകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യും.

