നിപയെ തുടർന്ന് കോഴിക്കോട് പ്രഖ്യാപിച്ച കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവ്. കടകമ്പോളങ്ങൾ രാത്രി 8 മണി വരെ തുറന്ന് പ്രവർത്തിക്കാമെന്നും ബാങ്കുകൾ ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവർത്തിക്കാമെന്നും ജില്ലാഭരണകൂടം അറിയിച്ചു. മറ്റുനിയന്ത്രണങ്ങൾ തുടരും. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ഇതുവരെ പരിശോധിച്ച എല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണ്. അതുകൊണ്ടാണ് കണ്ടെയ്ൻമെന്റ് സോണുകളിൽ ഇളവു വരുത്തിയത്.സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
വടകര താലൂക്കിലെ കുറ്റ്യാടി, കായക്കൊടി, വില്യപ്പള്ളി, കാവിലുംപാറ പുറമേരി, ചങ്ങോരത്ത്, ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ തുടങ്ങിയ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥലങ്ങളിലെ നിയന്ത്രണങ്ങൾക്കാണ് ഇളവ് വരുത്തിയിരിക്കുന്നത്.

