കൊച്ചി: ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ സ്വപ്‌നയ്ക്ക് തീവ്രവാദ ബന്ധങ്ങളുണ്ടെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് എന്‍ഐഎ. സ്വപ്‌നയുടെ മൊബൈല്‍, ലാപ്‌ടോപ്പ് മുതലായവയില്‍നിന്ന് കണ്ടെടുത്തിട്ടുള്ള വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാണ്. അറസ്റ്റിലായ മറ്റുള്ളവരുടെ ഫോണില്‍നിന്ന് തീവ്രവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ സംഘം ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിച്ചു. കേസില്‍ യുഎപിഎ നിലനില്‍ക്കുമെന്നുതന്നെയാണ് എന്‍ഐഎ കരുതുന്നത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈദരാബാദില്‍ പിടിയിലായ ഒരാളുടെ ഡയറിയില്‍നിന്ന് ‘കറുത്ത കുപ്പായമണിഞ്ഞ കേരളവനിത’യെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇത് സ്വപ്‌നയാണെന്ന അനുമാനത്തിലാണ് എന്‍ഐഎ. കള്ളക്കടത്തു സ്വര്‍ണത്തിന്റെ പണം കേരളത്തിനു വെളിയിലും തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനയുണ്ട്. ഐഎസിന് ഹൈദരാബാദിലും കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ വേരോട്ടമുണ്ടെന്ന് പല അന്വേഷത്തിലും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളായ ഫൈസല്‍ ഫരീദിനും റമീസിനും നേരത്തെ എന്‍ഐഎ അന്വേഷിച്ച കനകമല ഐഎസ് കേസില്‍ പിടിയിലായ ചിലരുമായി ബന്ധമുണ്ട്. പിടിയിലായ റമീസ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റകൂടി അടിസ്ഥാനത്തിലാണ് കേസ് എന്‍ഐഎക്ക് വിടാന്‍ കാരണം. തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരുടെ കേസ് നടത്തിപ്പിനും കുടുംബങ്ങളുടെ ചെലവിനും സംഘടനാ പ്രവര്‍ത്തനത്തിനും മറ്റുമാണ് കള്ളക്കടത്തുസ്വര്‍ണം വിനിയോഗിക്കുന്നത്. ഇതിനായി വിദേശത്ത് പിരിക്കുന്ന പണമാണ് സ്വര്‍ണമായും കുഴല്‍പണമായും നാട്ടിലെത്തിക്കുന്നത്.
ഇതിനിടെ യുഎഇയിലേക്ക് മടങ്ങിയ കോണ്‍സുലേറ്റിലെ അറ്റാഷേയുമായി സംസാരിക്കാന്‍ യുഎഇ സര്‍ക്കാരിന്റെ അനുമതിക്കായി എന്‍ഐഎ ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്കും പങ്കുള്ളതായാണ് എന്‍ഐഎക്ക് കിട്ടിയിട്ടുള്ള വിവരം. ഭക്ഷ്യവസ്തുക്കള്‍ അയക്കാനാണ് കോണ്‍സുലേറ്റ് അനുമതി നല്‍കിയതെന്നാണ് അറ്റാഷേ വാദിക്കുന്നത്. ബാഗേജ് വിട്ടുകിട്ടാതെവന്നപ്പോള്‍ സരിത്ത് തന്നെ വിളിച്ച് കാര്യം പറഞ്ഞു. തന്റെ വീട്ടില്‍നിന്നുള്ള ബാഗേജാണ് അതെന്ന് അറ്റാഷേ തന്നെയാണ് കസ്റ്റംസിനോട് വിളിച്ചുപറഞ്ഞത്. അറ്റാഷേ ചതിച്ചെന്ന് സ്വപ്‌ന ആവര്‍ത്തിക്കുന്നതില്‍ ദുരൂഹതയുണ്ട്. സ്വപ്‌നയുടെ ലോക്കറില്‍നിന്ന് 1.05 കോടി രൂപയും 123 പവന്‍ സ്വര്‍ണവും കണ്ടെടുത്തിരുന്നു. സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്നാണ് സ്വപ്‌ന പറയുന്നത്.

