രാജ്യത്തെ ചില പക്ഷി ഇനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയോ സമീപഭാവിയില്‍ ചിലത് പൂര്‍ണമായും അപ്രതീക്ഷിതമാവുകയോ ചെയ്തേക്കാം എന്ന് മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ 942 പക്ഷി ഇനങ്ങളില്‍ ആണ് ഗവേഷണം നടത്തിയത്. ഇതില്‍ 142 പക്ഷി ഇനങ്ങളില്‍ ഇതിനോടകം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ബേര്‍ഡ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൂടാതെ 189 ഇനങ്ങള്‍ രാജ്യത്ത് സുസ്ഥിരമായി നിലനില്‍ക്കുന്നുണ്ടെന്നും 28 ഇനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെന്നും പറയപ്പെടുന്നു.
രാജ്യത്തെ 30000 പക്ഷിനിരീക്ഷകരില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ ഇന്ത്യയിലെ പക്ഷികളില്‍ 60 ശതമാനം സ്പീഷീസുകളും കാലക്രമേണ ഇല്ലാതാകുമെന്നാണ് വ്യക്തമാക്കുന്നത്. നിലവില്‍ 40 ശതമാനം സ്പീഷീസുകള്‍ ഇവിടെ കുറഞ്ഞുവരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരുന്ത് വര്‍ഗ്ഗത്തില്‍ പെട്ട പക്ഷി ഇനങ്ങള്‍, ദേശാടനപ്പക്ഷികള്‍, താറാവുകള്‍ എന്നിവയിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. പനങ്കാക്ക, ചെറുതാറാവ്, ഗ്രേറ്റ് ഗ്രേ ഷ്രെക്ക് എന്നിവയുള്‍പ്പെടെ 14 ഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 217 ഇനങ്ങള്‍ക്ക് കഴിഞ്ഞ 8 വര്‍ഷമായി രാജ്യത്ത് അതിജീവിക്കാന്‍ കഴിയുകയും എണ്ണം വര്‍ദ്ധിപ്പിക്കാനും സാധിച്ചു. പൂക്കളില്‍ നിന്നുള്ള തേനും പഴങ്ങളും ഭക്ഷിക്കുന്നവക്കാണ് രാജ്യത്ത് സുസ്ഥിരമായി നിലനില്ക്കാന് കഴിഞ്ഞിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം ഈ വിഭവങ്ങള്‍ ഗ്രാമീണ പ്രദേശത്തും നഗരത്തിലും ഒരുപോലെ ലഭ്യമാണെന്നതും ചില പക്ഷികള്‍ക്ക് ഗുണകരമായി മാറി എന്നുമാണ് വിലയിരുത്തല്‍. അതേസമയം 178 ഇനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നുണ്ട്. പക്ഷി വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ വൈറ്റ് പെലിക്ക, അരയന്ന കൊക്കുകള്‍, തവിട്ട് നിറത്തിലുള്ള കഴുകന്മാര് എന്നിവയുള്‍പ്പെടെ 94 സ്പീഷീസുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു. തുറന്ന ആവാസ വ്യവസ്ഥകളിലും നദികള്‍, തീരങ്ങള്‍ തുടങ്ങിയ പ്രധാന ആവാസ വ്യവസ്ഥാ കേന്ദ്രങ്ങളിലും വസിക്കുന്ന പക്ഷികളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗ്രേറ്റ് ഗ്രേ ഷ്റൈക്ക് ഇനത്തില്‍പ്പെട്ട പക്ഷികളിലുണ്ടായടെ 80 ശതമാനം കുറവ് ഇതിന് ഒരു ഉദാഹരണമാണ്. റൂഫസ്- ടെയില്‍ഡ് ലാര്‍ക്, കോമണ്‍ കെസ്ട്രല്‍ എന്നീ ഇനങ്ങളെ നിലവില്‍ ഉയര്‍ന്ന മുന്‍ഗണനയോടെ സംരക്ഷിക്കേണ്ടവയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ഇന്ത്യയില്‍ ആകാശത്ത് ഏറ്റവും കൂടുതല്‍ കാണുന്ന പക്ഷികളില്‍ ഒന്നാണ് കഴുക•ാര്‍. 1990 കളുടെ അവസാന കാലഘട്ടത്തിലും 2000 ത്തിന്റെ തുടക്കത്തിലും വിവിധ ഇനം കഴുക•ാര്‍ക്ക് വംശനാശം സംഭവിച്ചിരുന്നു. ഇതിന് പ്രധാന കാരണം വെറ്ററിനറി ആന്റി- ഇന്‍ഫ്ലമേറ്ററി മരുന്നായ ഡിക്ലോഫെനാക് ആണെന്ന് നിരവധി വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ഒടുവിലാണ് കണ്ടെത്തിയത്. ഈ മരുന്ന് നല്കിയ കന്നുകാലികളുടെ ജഡം തിന്നാണ് കൂടുതലായും കഴുകന്മാര് ചത്തത്. ഇതിനെ തുടര്‍ന്ന് ഡിക്ലോഫെനാക്കിന്റെ ഉപയോഗം 2008- ല്‍ ഇന്ത്യ നിരോധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ കഴുക•ാരുടെ ഇനത്തില്‍ വര്‍ഷംതോറും 8 ശതമാനം കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇവയില്‍ ചുവന്ന തലയുള്ളവ 5 ശതമാനവും വെളുത്ത കഴുക•ാര്‍ നാല് ശതമാനവും കുറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ഭൂവിനിയോഗത്തിലുണ്ടായ മാറ്റം, നഗരവല്‍ക്കരണം, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെയുള്ള ചില ഘടകങ്ങളാണ് ഇത്തരം പക്ഷികളുടെ കുറവിന് പ്രധാന കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നത്. കൂടാതെ, കീടനാശിനികളും വെറ്റിനറി മരുന്നുകളും പക്ഷികളെ അപകടപ്പെടുത്തുന്നതിലേക്കും പരിസ്ഥിതി മലിനീകരണത്തിനും വഴിവയ്ക്കുന്നു. കീടനാശിനികളില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനോക്ലോറിനുകള്‍ പക്ഷികളുടെ വംശനാശത്തിന് മറ്റൊരു പ്രധാനകാരണം ആണ്. അതിന് ഉദാഹരണമാണ് യൂറോപ്പില്‍ പക്ഷിയുടെ എണ്ണത്തില്‍ വന്ന പെട്ടെന്നുള്ള കുറവ്. കാര്‍ഷിക മേഖലയില്‍ കീടനാശിനികളുടെയും വളങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗം യൂറോപ്പില്‍ പക്ഷികളുടെ എണ്ണം കുറയുന്നതിന് കാരണമായി എന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.കാലാവസ്ഥ വ്യതിയാനവും ഇതില്‍ ഒരു പ്രധാന ഘടകമാണ്. ആഗോള താപനില ഒരു ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയരുന്നത് മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും ഒരുപോലെ പ്രതികൂലമായി ബാധിച്ചു. ഇത് പക്ഷികളുടെ പ്രജനനത്തിനും നിലനില്‍പ്പിനും ആണ് ഭീഷണിയായി മാറിയത്. പ്രകൃതിദത്ത ആവാസവ്യവസ്ഥകള്‍ ഇല്ലാതാകുന്നതും പക്ഷികളുടെ വൈവിധ്യത്തെയും എണ്ണത്തെയും ബാധിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ലഭ്യത കുറവും ഇവയുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ട്. വന നശീകരണം പക്ഷികളുടെ ആവാസവ്യവസ്ഥ ഇല്ലാതാകുന്നതിനൊപ്പം വായു മലിനീകരണത്തിനും ഇടയാക്കി. വൈദ്യുതി ഉല്പാദനം പരിസ്ഥിതിക്ക് ഗുണകരമായി മാറിയെങ്കിലും പക്ഷികള്‍ക്ക് ഇത് ദോഷകരമായാണ് ഭവിച്ചത്. ചില പക്ഷികള്‍ കാറ്റാടികളില്‍ വന്നിടിച്ച് ചാകുന്ന സാഹചര്യവും ഉണ്ടായി. വൈദ്യുത ലൈനുകളില്‍ ഇരുന്ന് ഷോക്കേറ്റ് പക്ഷികള്‍ ചാവുന്നതും പക്ഷികളുടെ എണ്ണത്തില്‍ കുറവ് വരുന്നതിന് മറ്റൊരു കാരണമാണ്.