ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് മികച്ച ഭാവി: പഠനം

സാങ്കേതികവിദ്യാ രംഗത്തുള്ളവര്‍ തൊഴില്‍ അവസരങ്ങള്‍ക്കായി ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയെ ഉറ്റുനോക്കുന്നുവെന്ന് പഠനം. സാങ്കേതികവിദ്യാ രംഗത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇജിഎഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍. കേരളത്തില്‍നിന്ന് സര്‍വേയുടെ ഭാഗമായ 100% പേരും ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയില്‍ ജോലിയെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.

ആഗോള ഗെയിംമിംഗ് മേഖലയെ നയിക്കാന്‍ ഇന്ത്യയ്ക്കാകുമെന്ന് സര്‍വേയില്‍ പങ്കെടുത്തവരിലെ 84.4% പേരും അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിംമിംഗ് വ്യവസായത്തിന്റെ സാധ്യതകള്‍ തുറക്കുമ്പോള്‍- സാങ്കേതിക വിദ്യാ രംഗത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഒരു പഠനം’ എന്നപേരിലാണ് പഠനം സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് വ്യവസായത്തിന് മികച്ച വളര്‍ച്ച കാഴ്ചവെയ്ക്കാനാകുമെന്നാണ് കേരളത്തിലെ സാങ്കേതികവിദ്യാ മേഖലയിലുള്ളവരുടെ അഭിപ്രായം.

കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ 4,644 സാങ്കേതികവിദഗ്ധരും വിദ്യാര്‍ത്ഥികളുമാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതനുസരിച്ച് ഈ രംഗത്തെ വിദ്യാര്‍ത്ഥികളും പ്രൊഫഷനലുകളും ശക്തമായ താല്‍പ്പര്യമാണ് ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയോട് കാണിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 72.5% പേരും ഈ രംഗത്തെ കരിയര്‍ വളര്‍ച്ചയോട് താല്‍പ്പര്യം പ്രകടിപ്പിച്ചു. വിദേശ തൊഴിലുകള്‍ക്കായുള്ള യുവാക്കളുടെ കൊഴിഞ്ഞുപോക്ക് ചെറുക്കാന്‍ ഈ മേഖലയ്ക്കാകുമെന്ന് 60% പേര്‍ അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യയും ഗെയിമിംഗും തമ്മിലുള്ള പ്രതീകാത്മകബന്ധം ഈ പഠനം ഉയര്‍ത്തിക്കാണിക്കുന്നതായി പഠനം പ്രകാശനം ചെയ്തുകൊണ്ട് കൊല്‍ക്കൊത്ത ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ഡോ. ദിഗന്ത മുഖര്‍ജി പറഞ്ഞു.
വിദേശത്തേക്കുള്ള ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്കില്‍ കുറവുവരുത്താന്‍ തദ്ദേശീയ ഗെയിമിംഗ് വ്യവസായത്തിനു കഴിയുമെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റൊരു പ്രൊഫസറായ ഡോ. ശുഭമോയ് മുഖര്‍ജി ചൂണ്ടിക്കാണിച്ചു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →