പത്തനംതിട്ട : സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മാതൃകയാണ് ആറന്മുള ജലോത്സവമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ആറന്മുള സത്രക്കടവിൽ ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകവും, പാരമ്പര്യ തനിമയും വിളിച്ചോതുന്നതാണ് ആറന്മുള ജലമേള. ജലോത്സവങ്ങൾക്ക് വിനോദ സഞ്ചാര മേഖല എന്ന രീതിയിൽ സംരക്ഷണം നൽകേണ്ടതുണ്ട്. സർക്കാർ അവയ്ക്കാവശ്യമായ പരിഗണന നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖല വഴി ഗുണകരമായ വികസനം സർക്കാർ ലക്ഷ്യമിടുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലുള്ള 12 പള്ളിയോടങ്ങൾക്ക് ഗ്രാൻ്റ് ലഭിച്ചില്ലെന്ന പരാതിയിൽ ഉടൻ നടപടി സ്വീകരിക്കും. ഉത്തൃട്ടാതി ജലമേള സാംസ്കാരിക പൈതൃകത്തിൻ്റെ ഭാഗമാക്കുന്നതിനുള്ള പരിശോധനകളും ഇടപെടലുകളും നടത്തും. ചെങ്ങന്നൂർ, ആറന്മുള മണ്ഡലങ്ങൾ ചേർന്ന് പമ്പയാറിനെ ലക്ഷ്യം വച്ച് ചെങ്ങന്നൂർ- ആറന്മുള പൈതൃക ഗ്രാമം ഒരു കോടി രൂപ ചിലവിൽ നടപ്പിലാക്കുകയാണ്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ആറന്മുള ജലോത്സവം സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും മാതൃക; മന്ത്രി സജി ചെറിയാൻ
