ഈരാറ്റുപേട്ട: പ്രസവത്തിന് പിന്നാലെ നഴ്സായ യുവതി മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനിൽ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോൾ (27) മരിച്ച സംഭവത്തിലാണ് ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കൾ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11.30നാണ് ആര്യമോൾ മരിച്ചത്. പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ജന്മം നൽകിയ കണ്മണിയെ ഒരു നോക്ക് കാണാനാകാതെയാണ് ആര്യ മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സായ ആര്യമോളെ 22–ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടർന്ന് 26നു കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

