ചപ്പാത്തിയും മുട്ടക്കറിയും മാത്രമല്ല ഇനി ജയിലില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കും

തിരുവനന്തപുരം: ചപ്പാത്തിയും മുട്ടക്കറിയും മാത്രമല്ല ഇനി ജയിലില്‍നിന്ന് പെട്രോളും ഡീസലും ലഭിക്കും. ജയില്‍ വകുപ്പ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി സഹകരിച്ച് ആരംഭിച്ച മൂന്ന് ജയില്‍ പെട്രോള്‍ പമ്പുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, വിയ്യൂര്‍, ചീമേനി ജയിലുകളിലാണ് പുതിയ ഔട്ട്ലെറ്റുകള്‍ ആരംഭിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പമ്പ് നിര്‍മാണത്തിലാണ്. ജയില്‍വക സ്ഥലത്ത് നാല് പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് 9.5 കോടി രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മുതല്‍മുടക്കി. 30 ലക്ഷം രൂപയാണ് ജയില്‍ വകുപ്പിന്റെ വിഹിതം. ഓരോ പമ്പിലും പതിനഞ്ചോളം അന്തേവാസികള്‍ക്ക് തൊഴില്‍ ലഭിക്കും. പമ്പുകള്‍ക്കൊപ്പം പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനുകളുമുണ്ടാകും.

30 വര്‍ഷത്തേക്കാണ് ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് പാട്ടത്തിനു നല്‍കിയത്. തിരുവനന്തപുരത്ത് 25 സെന്റ്, കണ്ണൂരില്‍ 39, വിയ്യൂരില്‍ 25, ചീമേനിയില്‍ 25 സെന്റ് എന്നിങ്ങനെയാണ് സ്ഥലം നല്‍കിയത്. ഇതുവഴി മാസം 5.9 ലക്ഷം രൂപ വാടക ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കും. ഭാവിയില്‍ സിഎന്‍ജി, ഇലക്ട്രിക്കല്‍ ചാര്‍ജിങ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →