തിരുവനന്തപുരം: പുതുപ്പള്ളിയിൽ മൃഗാശുപത്രി താത്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ, മൃഗസംരക്ഷണ വകുപ്പിനെ വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. കാലാവധി കഴിഞ്ഞിട്ടും പി ഒ സതിയമ്മ ജോലിയിൽ തുടർന്നത് വകുപ്പിന്റെ അറിവോടെയെന്ന് പുതുപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ ജിഷ മധു മാദ്ധ്യമങ്ങളോട് പറഞ്ഞു. 2023 ഫെബ്രുവരിയ്ക്ക് ശേഷം ആരെയും നിയമിക്കാൻ കുടുംബശ്രീ കത്ത് നൽകിയിട്ടില്ല. സിഡിഎസ് സാക്ഷ്യപെടുത്താതെ ലിജി മോളെ പകരം നിയമിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും ജിഷ മധു പറഞ്ഞു. ജൂലൈ വരെ ശമ്പളം കൈപ്പറ്റിയത് പിഒ സതിയമ്മ തന്നെയെന്ന് തെളിയിക്കുന്ന ബാങ്ക് രേഖകൾ ഉളളതായും സിഡിഎസ് പറഞ്ഞു.
2022 സെപ്റ്റംബർ മുതൽ 2023 ഫെബ്രുവരി വരെ സതിയമ്മയെ നിയമിക്കാൻ കത്തു നൽകിയിരുന്നുവെന്നാണ് ജിഷ മധു വിശദീകരിക്കുന്നത്. ഫെബ്രുവരി 6 ന് ശേഷം സതിയമ്മയുടെ കാലാവധി കഴിഞ്ഞത് വെറ്റിനറി സെന്റർ അറിയിച്ചില്ല. സിഡിഎസ് സാക്ഷ്യപെടുത്തിയാൽ മാത്രം ജോലി നൽകുന്നതാണ് കീഴ് വഴക്കം. കാലാവധി പൂർത്തിയായിട്ടും സ്വന്തം നിലയ്ക്ക് സതിയമ്മയെ വെറ്റിനറി സെന്റർ ജോലിക്ക് നിർത്തിയെന്ന് സിഡിഎസ് പറഞ്ഞു.
2023 ഫെബ്രുവരിയ്ക്ക് ശേഷം ആരെയും നിയമിക്കാൻ കുടുംബശ്രീ കത്ത് നൽകിയിട്ടില്ലെന്നും ജിഷ മധു പറയുന്നു. കുടുംബശ്രീ സാക്ഷ്യപെടു ത്താതെ വകുപ്പ് എങ്ങനെ ലിജി മോളെ നിയമിച്ചുവെന്ന് അറിയില്ല. ആരോപണം ഉയർന്നപ്പോൾ ലിജിമോളാണ് ജോലി ചെയുന്നതെന്നാണ് അറിയിച്ചത്. ലിജി മോൾ ജോലി ചെയ്തില്ലെങ്കിൽ ശമ്പളം കൈപ്പറ്റിയ രേഖയിൽ ലിജി മോളുടെ പേര് എങ്ങനെ വന്നു വെന്നും സിഡിഎസ് ചോദിക്കുന്നു. ജൂലൈ മാസത്തിൽ ലിജി മോളുടെ പേരിൽ ശമ്പളം നൽകിയെന്ന രേഖങ്ങൾ പുറത്തുവിട്ടത് മൃഗസംരക്ഷണ വകുപ്പായിരുന്നു. ലിജിമോളെ ആര് നിയമിച്ചുവെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

