അന്തരിച്ച മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സഖറിയ മാർ അന്തോണിയോസിന്റെ (77) കബറടക്കം ഇന്ന്. ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിൽ 2.30ന് കബറടക്കം നടക്കും.കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നലെ അർധരാത്രിയോടെ മല്ലപ്പള്ളി ആനിക്കാട് അന്തോണിയോസ് ദയറയിൽ നിന്ന് പരുമല സെമിനാരിയിൽ എത്തിച്ചു. കഴിഞ്ഞ ഒരു വർഷമായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം മല്ലപ്പള്ളിയിലെ സഭയുടെ ദയറായിൽ ആയിരുന്നു താമസിച്ചിരുന്നത് .
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കബറടക്കത്തിന്റെ മുഖ്യകാർമികത്വം വഹിക്കും. രാവിലെ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് കുർബാന അർപ്പിക്കും. പരിശുദ്ധ കാതോലിക്കാ ബാവായും സഭയിലെ മറ്റ് ബിഷപ്പുമാരും ധൂപാർപ്പണം നടത്തി.തുടർന്ന് ഭൗതിക ശരീരം വിലാപയാത്രയായി കൊല്ലം സെന്റ് തോമസ് കത്തീഡ്രലിൽ എത്തിച്ചു. തുടർന്ന് മൗണ്ട് ഹോറേബ് ദയറയിലെ മാർ ഏലിയ ചാപ്പലിലേക്ക് കൊണ്ടുപോയി.