കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തടസ ഹര്‍ജിയുമായി എട്ടാം പ്രതി ദിലീപ്. കോടതിയില്‍ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട രണ്ട് സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തിലെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാവൂയെന്നും ദിലീപ് ആവശ്യപ്പെടുന്നു. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
2022 ലാണ് കോടതിയില്‍ സൂക്ഷിച്ചിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഈ ഹര്‍ജിയില്‍ അതിജീവിതയുടെ വാദം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ദിലീപിന്റെ പുതിയ നീക്കം.
നേരത്തെ കേസിലെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നതെന്ന് ദിലീപ് വാദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട അതിജീവിതയുടെ ഹര്‍ജിയിലാണ് ദിലീപ് നേരത്തെ തന്റെ ഭാഗം അറിയിച്ചത്.

