ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്‌നാനന്ദ

ബാക്കു: അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ നടക്കുന്ന ഫിഡെ ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്‌നാനന്ദ രമേശ്ബാബു സെമി ഫൈനലില്‍. സഡന്‍ ഡെത്ത് ടൈബ്രേക്കില്‍ നാട്ടുകാരന്‍ തന്നെയായ അര്‍ജുന്‍ എറിഗെയ്സിയെ പരാജയപ്പെടുത്തിയാണ് പ്രഗ്‌നാനന്ദ സെമിഫൈനലിനു യോഗ്യത നേടിയത്. ഇറ്റാലിയന്‍ വേരുകളുള്ള അമേരിക്കയുടെ ഫാബിയാനോ കര്വാനയാണ് സെമിയില്‍ പതിനേഴുകാരനായ പ്രഗ്‌നാനന്ദയുടെ എതിരാളി. ലോക മൂന്നാം റാങ്കുകാരനാണ് കര്വാന.
വിശ്വനാഥന്‍ ആനന്ദിനുശേഷം ഫിഡെ ചെസ് ലോകകപ്പിന്റെ സെമി ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പ്രഗ്‌നാനന്ദ.2000ലും 2002ലും ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് പതിപ്പുകളില്‍ ഇതിഹാസ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിജയിച്ചശേഷം മറ്റൊരു ഇന്ത്യക്കാരനും സെമിയില്‍ എത്തിയിരുന്നില്ല. അവസാന നാലിലേക്ക് യോഗ്യത നേടിയതിലൂടെ, അടുത്ത വര്‍ഷത്തെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനും പ്രഗ്‌നാനന്ദ യോഗ്യത നേടി. നിലവിലെ ലോക ചാമ്പ്യന്‍ ഡിംഗ് ലിറനെ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിലെ ജേതാവാണ് നേരിടുക. ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സന്‍ കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലാത്തതും പ്രഗ്നാനന്ദയ്ക്ക് അനുകൂലഘടകമാണ്. രണ്ടാം സെമിയില്‍ ടോപ് സീഡ് മാഗ്‌നസ് കാള്‍സണ്‍ നിജാത് അബാസോവിനെ നേരിടും. ക്വാര്‍ട്ടറില്‍ കാള്‍സന്‍ ഇന്ത്യയുടെ ഡി. ഗുകേഷിനെയും നിജാത് ഇന്ത്യയുടെ തന്നെ വിദിത് ഗുജറാത്തിയെയുമാണ് പരാജയപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →