ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്ക് ആളുകൾ എത്തുന്നതിനെ കുറിച്ച് പ്രതികരിച്ച് മകൻ ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ലെന്നും അവർക്കെല്ലാം അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ആഗ്രഹമുണ്ടാകില്ലേയെന്നും ചാണ്ടി ഉമ്മൻ ചോദിക്കുന്നു. ചില കാര്യങ്ങളോട് നാം പൊരുത്തപ്പെട്ടേ മതിയാകൂ. അദ്ദേഹത്തോടുള്ള ആളുകളുടെ സ്നേഹം കാണുമ്പോൾ, അവരോട് സംസാരിക്കുമ്പോഴെല്ലാം നമ്മുടെ ദുഃഖം കുറയുന്നുണ്ട്.
‘എന്റെ പിതാവിന്റെ കല്ലറയിലേക്ക് പോകാൻ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല. അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായുമെല്ലാം കാണുന്ന അനേകം വ്യക്തികളുണ്ട്. അവരെല്ലാം അവിടെ ചെന്ന് പ്രാർത്ഥിക്കണമെന്ന് ആഗ്രഹിച്ചാൽ എന്ത് പറയാൻ പറ്റും ? അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ പലർക്കും സാധിച്ചിട്ടില്ല. അവർക്കെല്ലാം ആഗ്രഹമുണ്ടാകില്ലേ അദ്ദേഹത്തെ കല്ലറയിൽ ചെന്നൊന്ന് കാണാൻ ? പൊതുസമൂഹം എന്ത് ചർച്ച ചെയ്യുമെന്ന് ഞാൻ എങ്ങനെ തീരുമാനിക്കും ? എന്റെ കാണപ്പെട്ട ദൈവമാണ് അദ്ദേഹം’- ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ 53 വർഷത്തിനിടെ, ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ സമ്മേളനത്തിന് 2023 ഓഗസ്റ്റ് 7 ന് തുടക്കം കുറിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഓർമകളിലാണ് തിരുവനന്തപുരത്തെ ജഗതിയിലുള്ള പുതുപ്പള്ളി ഹൗസ്. ‘അദ്ദേഹമില്ലാതെ സഭ ചേരുന്നുവെന്ന് ആലോചിക്കുമ്പോൾ ദുഃഖം തോന്നുന്നുണ്ട്. ഇന്ന് സഭയിൽ പോകും’ -ചാണ്ടി ഉമ്മൻ പറഞ്ഞു

