ആലുവ: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താനുപയോഗിച്ച തുണി, ചെരിപ്പ് എന്നിവ തെളിവെടുപ്പിനിടെ കണ്ടെടുത്തു. ചോദ്യം ചെയ്യലിന്റെ മൂന്നാം ദിവസമാണ് പ്രതി അസഫാക്കുമായി പൊലീസ് സംഘം ആലുവ മാർക്കറ്റിൽ എത്തിയത്. ആദ്യ രണ്ടു ദിവസം ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതി മൂന്നാം ദിവസം വാ തുറന്നു. കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച വസ്ത്രം, ചെരുപ്പ് എന്നിവ ആലുവ മാർക്കറ്റിൽ കൃത്യം നടത്തിയതിന് സമീപം ഒളിപ്പിച്ചതായി ഇയാൾ മൊഴി നൽകി. തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചാണ് ഇവ കസ്റ്റഡിയിൽ എടുത്തത്. കല്ലുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തൊണ്ടി മുതലുകൾ. പ്രതിയുടെ പശ്ചാത്തലം തേടി പൊലീസ് സംഘം അടുത്ത ദിവസം തന്നെ ബിഹാറിലേക്ക് പോകുന്നുണ്ട്.
പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തിൽ അന്വേഷണം കുറ്റമറ്റ രീതിയിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിരിക്കാനുള്ള ഒരു കർമ്മ പദ്ധതി രൂപീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. സംഭവം ആവർത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ മുൻകരുതൽ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.
സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിർദേശം നൽകി. പൊലീസ്, എക്സൈസ്, തദ്ദേശ സ്വയംഭരണം, തൊഴിൽ, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും പ്രവർത്തനം സാധ്യമാക്കുക. കഴിഞ്ഞദിവസം ജില്ലയിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നിരുന്നു. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ സ്കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ചു ഡേ കെയർ സജ്ജമാക്കുന്ന കാര്യം യോഗത്തിൽ ആലോചിച്ചിട്ടുണ്ടെന്നും മന്ത്രി രാജീവ് അറിയിച്ചു.

