ലോക്ബി സഭയിൽ ബില്ലിന്റെ പകർപ്പ് കീറിയെറിഞ്ഞ എഎപി അം​ഗത്തെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ ഓം ബിർള

ന്യൂ ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ ലോക്‌സഭ പാസാക്കി. ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രിംകോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിന് പകരമാണ് പുതിയ ബിൽ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കിയത്. ബിൽ പാസായതോടെ പ്രതിഷേധ സൂചകമായി നിരവധി പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബില്ലിന്റെ പകർപ്പ് കീറി വലിച്ചെറിഞ്ഞ എഎപി അംഗം സുശീൽ കുമാർ റിങ്കുവിനെ ഈ മൺസൂൺ സമ്മേളനത്തിൽ നിന്ന് സ്പീക്കർ ഓം ബിർള സസ്‌പെൻഡ് ചെയ്തു.

ബിൽ പാസായതോടെ കേന്ദ്രത്തെ കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ‘ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകുമെന്ന് ബിജെപി പലതവണ വാഗ്ദാനം നൽകിയിരുന്നു. പ്രധാനമന്ത്രിയായാൽ ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി നൽകുമെന്ന് നരേന്ദ്രമോദി പറഞ്ഞത് 2014ലാണ്. പക്ഷേ ഇന്നതെല്ലാം ലംഘിക്കപ്പെട്ടു. ഭാവിയിൽ നരേന്ദ്രമോദിയുടെ വാക്കുകൾ വിശ്വസിക്കരുത്’. അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.

നാല് മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കിടയിലാണ് ബിൽ ലോക്‌സഭയിൽ പാസാക്കിയത്. ബിൽ കൊണ്ടുവരാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി എതിർത്തു. ഇലക്ട് ചെയ്തവർക്ക് പകരം സെലക്ട് ചെയ്തവരെ പ്രതിഷ്ഠിക്കാനാണ് ശ്രമമെന്ന് ശശി തരൂർ എം പി കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർമാർ വഴി അധികാരം സ്വന്തമാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. നിയമ സംവിധാനത്തെ അട്ടിമറിക്കുന്നതാണ് സർക്കാരിന്റെ ബില്ലെന്ന് എ എം ആരിഫ് എംപി വിമർശിച്ചു.

അതേസമയം കേന്ദ്രഭരണ പ്രദേശങ്ങളിൽ നിയമനിർമ്മാണം നടത്താൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്നും കേന്ദ്രഭരണ പ്രദേശമായതിനാൽ നിയമങ്ങൾ നിർമ്മിക്കാനുള്ള പൂർണ അവകാശവും കേന്ദ്രത്തിനുണ്ടെന്നും അമിത്ഷാ വ്യക്തമാക്കി.. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലും ജനങ്ങൾക്ക് മുന്നിൽ തെറ്റായി വ്യാഖ്യാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →