ഛണ്ഡീഗഢ്: ഹരിയാനയില്‍ വര്‍ഗീയ കലാപം രൂക്ഷമായതിനിടെ എല്ലാവരെയും സംരക്ഷിക്കാന്‍ സര്‍ക്കാരിനാകില്ലെന്ന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ പ്രസ്താവന വിവാദമായി. കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം വിവാദപ്രസ്താവന നടത്തിയത്. എല്ലാവരും സൗമനസ്യം കാണിക്കണം, അതില്ലാതെ ഒരു സുരക്ഷയും ഉണ്ടാകില്ല. പോലീസിനോ സൈന്യത്തിനോ സര്‍ക്കാരിനോ എല്ലാവരേയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും ഖട്ടാര്‍ പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയടക്കമുള്ളവര്‍ ഖട്ടാറിന്റെ പ്രസ്താനയ്ക്കെതിരെ രംഗത്തെത്തിയപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അദ്ദേഹത്തെ പിന്തുണച്ചു. സര്‍ക്കാരിന് എല്ലാവരെയും സംരക്ഷിക്കാന്‍ കഴിയില്ലെന്ന ഖട്ടാറിന്റെ പ്രസ്താവന ഒരു വസ്തുതയാണെന്നു പറഞ്ഞ മമത അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ ജാതീയതയോ വര്‍ഗീയതയോ വര്‍ഗീയ സംഘര്‍ഷമോ പ്രോത്സാഹിപ്പിക്കരുതെന്നും മമത പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. അതിന്റെ ഭാഗമാണ് ഈ വര്‍ഗീയ സംഘര്‍ഷവും- മമത ആരോപിച്ചു. എല്ലാവരേയും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജനങ്ങള്‍ക്ക് സമാധാനം നല്കാന് സര്‍ക്കാരിന് കഴിയുമെന്നും അവര്‍ പറഞ്ഞു.
ഹരിയാനയിലെ ജനങ്ങള്‍ സ്വന്തം നിലയ്ക്ക് സുരക്ഷ ഉറപ്പാക്കേണ്ട അവസ്ഥയാണുള്ളത്. കാരണം സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മുഖ്യമന്ത്രി തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി വിര്‍ശിച്ചു.
വിവാദമായതോടെ വിശദരീകരണവുമായി മനോഹര്‍ ലാല്‍ ഖട്ടാര്‍ രംഗത്തെത്തി. തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണ്. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഒരു സുരക്ഷ അന്തരീക്ഷം നിലനില്ക്കണമെന്നും അതിനു ജനം സഹകരിക്കണമെന്നുമാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം വിശദീകരിച്ചു.
എല്ലാവരെയും സംരക്ഷിക്കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി; വിവാദമായതോടെ തിരുത്തി
