രജനിയുടെ ‘ജയിലര്‍’നെതിരെ ഒറ്റയാള്‍ പോരാട്ടവുമായി മലയാളം ‘ജയിലര്‍’ സംവിധായകന് സാക്കിര്‍ മടത്തില്‍.
കൊച്ചിയിലെ കേരളാ ഫിലിം ചേമ്ബറിന് മുമ്ബിലാണ് സംവിധായകൻ സാക്കിര്‍ മടത്തില്‍ ഒറ്റയാള്‍ സമരം നടത്തുന്നത്.
സാക്കിര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ സിനിമയ്ക്ക് റിലീസിനായി തിയറ്ററുകള്‍ നിഷേധിച്ചെന്നാരോപിച്ചായിരുന്ന സമരം. സിനിമ റിലീസ് ചെയ്യുന്ന ദിവസം ഇതേ പേരുള്ള തമിഴ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലമാണ് തനിക്ക് തിയറ്ററുകള്‍ ലഭിക്കാത്തതെന്നാണ് സാക്കില്‍ മടത്തിലിന്റെ വാദം.
40 തിയറ്ററുകളാണ് ഇപ്പോള്‍ ഈ സിനിമയ്ക്ക് അനുവദിച്ചിരിക്കുന്നത്. അത് 75 സ്ക്രീൻ ആക്കണമെന്നതാണ് സാക്കിറിന്റെ ആവശ്യം. മലയാള സിനിമാ ഇൻഡ്ട്രിയെ നശിപ്പിക്കുന്ന സമീപനമാണ് ഇതെന്നും തമിഴ് സിനിമയ്ക്കാണ് തിയറ്റര്‍ ഉടമകള്‍ പ്രാധാന്യം നല്‍കുന്നതെന്നും സംവിധായകൻ പറയുന്നു. തമിഴ് സിനിമ മലയാളികളെ ഒഴിവാക്കാൻ തീരുമാനിക്കുമ്ബോള്‍ ഇവിടെ സാഹചര്യം തിരിച്ചാണെന്നും അദ്ദേഹം ആരോപിച്ചു.
ഓഗസ്റ്റ് 10നാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ജയിലറിന്റെ റിലീസ് തിയതി. അതേ ദിവസം തന്നെയാണ് രജനികാന്ത് ചിത്രമായ ‘ജയിലറിന്റെ’യും റിലീസ്. രണ്ടു ചിത്രത്തിന്റേയും റിലീസ് ഒരേ ദിവസം വന്നതോടെയാണ് ധ്യാൻ ശ്രീനിവാസൻ ചിത്രം ജയിലറിന് തിയറ്ററുകളുടെ എണ്ണത്തില്‍ കുറവ് വന്നത്. ”റിലീസ് തിയതി മാറ്റാൻ കഴിയില്ല. വലിയ ‘ജയിലര്‍’ വന്നുപോയാല്‍ പിന്നെ ഈ കൊച്ചു ‘ജയിലറി’നു പ്രസക്തിയില്ല. അതുകൊണ്ട് റിലീസ് തിയതി മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ല. അവര്‍ മുന്നൂറോ നാനൂറോ തിയറ്ററുകളില്‍ ഇറക്കട്ടെ, ഞങ്ങള്‍ക്ക് 75 തിയറ്ററുകള്‍ മതി.”-സാക്കിര്‍ മടത്തില്‍ പറഞ്ഞു.
ഏതു ചിത്രം റിലീസ് ചെയ്യണമെന്ന് തീരുമാനമെടുക്കുന്നത് തിയറ്റര്‍ ഉടമകള്‍ ആണെന്നും ഇതില്‍ ഫിലിം ചേംബര്‍ ഒന്നും ചെയ്യാനില്ലെന്നും പ്രസിഡന്റ ജി. സുരേഷ് കുമാര്‍ പറഞ്ഞു. സാമ്ബത്തികമായി നേട്ടമുണ്ടാക്കുന്ന രജനികാന്ത് ചിത്രം ഒഴിവാക്കാൻ ആവില്ലെന്ന നിലപാടാണ് തിയറ്റര്‍ ഉടമകളുടേത്. നേരത്തെ കരാര്‍ ഉണ്ടാക്കിയ തമിഴ് ജയിലര്‍ ഒഴിവാക്കാനാവില്ലെന്നും സാക്കിറിന്റെ ചിത്രം കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ആ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തടസമില്ലെന്നും തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വ്യക്തമാക്കി.

