മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നാലുപേരെ വെടിവെച്ചുകൊന്ന കേസിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ഓഗസ്റ്റ് 7 വരെ റെയിൽവേ പൊലീസിൻ്റെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച രാവിലെ ജയ്പൂർ-മുംബൈ സെൻട്രൽ എക്‌സ്പ്രസ് ട്രെയിനിൽ മുംബൈയിലെ പാൽഘർ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
കുറ്റാരോപിതനായ കോൺസ്റ്റബിൾ ചേതൻ സിംഗ് (34) തൻ്റെ സീനിയർ – ആർപിഎഫ് അസിസ്റ്റന്‍റ് സബ്-ഇൻസ്പെക്ടർ ടിക്കാറാം മീണയെയും ട്രെയിനിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരെയും വെടിവച്ചു കൊല്ലുകയായിരുന്നു. മീരാ റോഡ് സ്റ്റേഷന് സമീപം (മുംബൈ സബർബൻ ശൃംഖലയിൽ)യാത്രക്കാർ ചങ്ങല വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരും ആർപിഎഫും ചേർന്ന് പിടികൂടിയത്.
കൊല്ലപ്പെട്ടവരിൽ അബ്ദുൾ കാദർ(48), ബിഹാറിലെ മധുബാനി സ്വദേശി അസ്ഗർ അബ്ബാസ് ഷെയ്ഖ് (48) എന്നിവരെ തിരിച്ചറിഞ്ഞു. മൂന്നാമത്തെ ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റെയിൽവേ ബോർഡ് അഞ്ചംഗ സമിതിയെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.

