കമൽ ഹാസൻ കൊയമ്പത്തൂരിൽ മത്സരിച്ചേക്കുംമക്കൾ നീതി മയ്യം നേതാവായ തമിഴ് സൂപ്പർ താരത്തിന് വിജയം കാണാനാവുമെന്ന് കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്‍റെ വിലയിരുത്തൽ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണിയുടെ ഭാഗമായി കൊയമ്പത്തൂരിൽനിന്നു മത്സരിക്കുമെന്നു സൂചന.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വനതി ശ്രീനിവാസനോട് 1,728 വോട്ടിനു പരാജയപ്പെട്ടെങ്കിലും കമൽ ഹാസൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന ഡിഎംകെയുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കൊയമ്പത്തൂർ സീറ്റ് നൽകാൻ ആലോചിക്കുന്നത്.

ഇതിനിടെ, മക്കലോടു മയ്യം എന്ന പേരിൽ ഭവന സന്ദർശന പരിപാടി കമൽഹാസൻ സൗത്ത് കൊയമ്പത്തൂരിൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും നേതാക്കൾ വാർഡ്-പഞ്ചായത്ത് തലങ്ങളിൽ ജനങ്ങ‌ളെ നേരിൽ കാണാനാണ് പാർട്ടി തീരുമാനം. അതതു മണ്ഡലങ്ങളിലെ ജനപ്രതിനിധികൾ അവഗണിച്ച ജനകീയ പ്രശ്നങ്ങൾ മനസിലാക്കി, അവയിൽ കേന്ദ്രീകരിച്ച് അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഉദ്ദേശിക്കുന്നത്‌

ഇതിനായി എല്ലാ വാർഡ് സെക്രട്ടറിമാർക്കും 25 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയും നൽകിയിട്ടുണ്ട്. ഗൂഗ്ൾ ഫോം ഉപയോഗിച്ചായിരിക്കും വിവരങ്ങൾ ശേഖരിക്കുക.

ഡിഎംകെ നേതാവ് കനിമൊഴിയോട് ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ട ബസ് കണ്ടക്റ്ററെ എതിർത്തതിന് ജോലി നഷ്ടമായ ശർമിള എന്ന ഡ്രൈവർക്ക് കമൽ ഹാസൻ അടുത്തിടെ കാർ വാങ്ങിക്കൊടുത്തിരുന്നു. കൊയമ്പത്തൂർ സ്വദേശിയായ ശർമിള ഇപ്പോൾ ഈ കാർ ടാക്സിയായി ഓടിച്ചാണ് ജീവിക്കുന്നത്. ഈ സംഭവം കമൽ ഹാസന് പ്രദേശത്ത് വലിയ ജനപ്രീതി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ നേരിട്ടു പങ്കെടുത്ത കമൽ ഹാസനെ പക്ഷേ, വിശാല പ്രതിപക്ഷ യോഗത്തിനു ക്ഷണിച്ചിരുന്നില്ല. കോൺഗ്രസും ഡിഎംകെയും ഉൾപ്പെടുന്ന സഖ്യത്തിൽ ചേരുന്ന കാര്യം അദ്ദേഹം ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടുമില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →