കുപ്പിയിൽ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

കൊച്ചി : വൈറ്റില ദേശീയപാതയ്ക്ക് സമീപം കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. കുപ്പിയിൽ പെട്രോളുമായി എത്തിയാണ് യുവാവ് ആത്മഹത്യ ഭീഷണി മുഴക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഹിന്ദ് ഗ്രൂപ്പ് തന്റെ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ ഭീഷണി. ചേർത്തല പട്ടണക്കാട് സ്വദേശി മൈക്കിൾ ആണ് ആത്മഹത്യാ ഭീഷണിയുമായി എത്തിയത്. 2023 ജൂലൈ 24 ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം.

കുപ്പിയിൽ പെട്രോളുമായി എത്തിയ യുവാവ് കെട്ടിടത്തിന് മുകളിൽ കയറി പൊലീസിനെയും ഫയർഫോഴ്‌സിനെയും മൂന്നു മണിക്കൂറോളം മുൾമുനയിൽ നിർത്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. യുവാവിനെ അനുനയിപ്പിക്കാൻ പൊലീസും ഫയർഫോഴ്‌സും ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. പ്രശ്‌നം പരിഹരിക്കാമെന്ന് പൊലീസ് ഫോണിലൂടെ മൈക്കിളിന് ഉറപ്പു നൽകി. ആവശ്യങ്ങൾ അംഗീകരിച്ചതായി ലെറ്റർപാഡിൽ എഴുതി നൽകണമെന്ന് മൈക്കിൾ ആവശ്യപ്പെട്ടു.

വീട്ടിലേക്കുള്ള വഴിയൊരുക്കി നൽകണം എന്നതുൾപ്പെടെ മൈക്കിൾ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചതായി കമ്പനി ലെറ്റർ പാഡിൽ എഴുതി നൽകി. തുടർന്ന് മൈക്കിൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴെ ഇറങ്ങി. ജയ്ഹിന്ദ് ഗ്രൂപ്പിനെതിരെ നാളുകളായി മൈക്കിൾ സമരത്തിൽ ആയിരുന്നു. അതേസമയം സ്ഥലം കയറാൻ ശ്രമിച്ചുവെന്ന മൈക്കിളിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ജയ് ഹിന്ദ് ഗ്രൂപ്പിന്റെയും വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →