മണിപ്പൂരിൽ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി : കൂട്ടബലാത്സംഗത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു;

മണിപ്പൂർ: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ നാല് പ്രതികളെ 11 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2023 മെയ് നാലിന് നടന്ന സംഭവത്തിൽ 2023 ജൂലൈ 20 വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റുചെയ്തത്. സംസ്ഥാനത്ത് ഇന്റർനെറ്റിനുള്ള വിലക്ക് പിൻവലിച്ചതിന് പിന്നാലെയാണ് ദൃശ്യം പുറത്ത് വന്നത്. രണ്ട് സ്ത്രീകളോട് പൈശാചികമായ രീതിയിൽ ആൾക്കൂട്ടം പെരുമാറുന്നതിന്റെ വീഡിയോ രാജ്യമാകെ പ്രചരിച്ചതിന് പിന്നാലെ പൊലീസും ഭരണസംവിധാനങ്ങളും അനങ്ങിതുടങ്ങി. കേസ് രജിസ്റ്റർ ചെയ്ത് 70 ആം ദിവസം ആദ്യ അറസ്റ്റുണ്ടായി. നിലവിൽ നാല് ആകെ പേരാണ് കസ്റ്റഡിയിലുള്ളത്.

സംഭവത്തിൽ പ്രതികരണവുമായി മണിപ്പൂർ വനിതാ കമ്മീഷൻ രംഗത്തെത്തി. ദേശീയ വനിതാ കമ്മിഷന് വിഷയത്തിൽ കത്തയച്ചിട്ടുണ്ടെന്നും കുറ്റകൃത്യത്തിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിഷൻ ചെയർപേഴ്‌സൺ ലല്ലംചുംങ്കി പറഞ്ഞു. മണിപ്പൂർ സ്ത്രീകൾ ആക്രമിക്കപ്പെട്ടത് പൊറുക്കാനാവാത്ത പ്രവൃത്തിയാണ്. സംഭവത്തിൽ വനിതാ കമ്മിഷൻ വളരെ ആശങ്കാകുലരാണ്. സ്ത്രീകൾക്കെതിരായ ഏത് തരത്തിലുമുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണം. പുരുഷന്മാരുടെ ‘മസിൽ പവർ’ സ്ത്രീകൾക്ക് മേൽ പ്രയോഗിക്കരുതെന്നും കമ്മിഷൻ പ്രതികരിച്ചു.

അതേസമയം വിഷയത്തിൽ ദേശീയ വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്. 2023 ജൂൺ 12ന് അക്രമം നേരിട്ട സ്ത്രീകൾക്ക് വേണ്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അവഗണിച്ചതായാണ് റിപ്പോർട്ട്. മണിപ്പൂർ ട്രൈബൽ അസോസിയേഷനെ കൂടാതെ രണ്ട് ആക്ടിവിസ്റ്റുകളും പരാതി മെയിൽ വഴി അയച്ചിരുന്നു. എന്നാൽ, എൻസിഡബ്ല്യുവിൽ നിന്ന് ഇവർക്ക് പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് വീഡിയോ വൈറലായി, വൻ പ്രതിഷേധം ഉയർന്നതോടെയാണ് വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടത്.

2023 ജൂലൈ 19 ബുധനാഴ്ചയാണ് കലാപകാരികൾ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിക്കുന്നതിന്റെ മനുഷ്യത്വരഹിതമായ വീഡിയോ പുറത്തുവന്നത്. രണ്ട് മാസം മുൻപ് നടന്ന ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ മണിപ്പുർ വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ പ്രധാനമന്ത്രി സംഭവം ലജ്ജാകരമാണെന്ന് പറഞ്ഞു. അതേസമയം സംസ്ഥാനത്ത് കുകി മെയ്‌തേയി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം ഏറ്റവുമൊടുവിൽ പുറത്തുവന്ന ബലാത്സംഗ കേസ് വരെ എത്തിയ ശേഷം മാത്രമാണ് പ്രധാനമന്ത്രി മൗനം വെടിയാൻ തയ്യാറായതെന്ന വിമർശനങ്ങൾ വ്യാപകമാണ്.

വീഡിയോയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. കേന്ദ്ര സർക്കാർ നടപടിയെടുത്തില്ലെങ്കിൽ സുപ്രിംകോടതിക്ക് നടപടിയെടുക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →