എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ ആവുമോ? അറിയാം മേഖലയിലെ പുതിയ പുരോഗതികള്‍

എഐ ഉപയോഗിച്ച് കൗമാരക്കാരിയുടെ ശബ്ദം ക്ലോണ്‍ ചെയ്ത സ്‌കാമര്‍മാര്‍ അമ്മയോട് മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവം ചര്‍ച്ചയാവുകയാണ്. എഐ ദുരുപയോഗം ചെയ്യപ്പെടുമെന്ന മുന്നറിയിപ്പ് പലപ്പോഴും വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്. ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാനും എഐയുടെ ദുരുപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എഐ മൂലമുള്ള കൂട്ട വംശനാശഭീഷണിക്ക് ആണവായുധ യുദ്ധഭീഷണി തടയാനുള്ള ശ്രമങ്ങളേക്കാള്‍ പ്രാധാന്യം നല്‍കണമെന്നും എഐ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മനസിലാക്കാന്‍ നാം ഇനിയും തയ്യാറായിട്ടില്ലെന്നും എഐ ഗവേഷകനായ എലിസര്‍ യുഡ്കോവ്സ്‌കി ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിശക്തമായൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആരെങ്കിലും നിര്‍മിച്ചെടുത്താല്‍, തൊട്ടുപിന്നാലെതന്നെ മനുഷ്യരുള്‍പ്പെടെയുള്ള ഭൂമിയിലെ എല്ലാ ജീവിവര്‍ഗങ്ങളും ചത്തൊടുങ്ങിയേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സ്വയം തിരിച്ചറിയാന്‍ കഴിവുണ്ടോ എന്നതിനെ കുറിച്ച് നമുക്ക് യാതൊരു അറിവുമില്ലെന്നും അദ്ദേഹം പറയുന്നു.

ദുരുപയോഗം തടയാന്‍ ടെക് ഭീമന്മാര്‍

ടെക് ലോകത്ത് പ്രചുരപ്രചാരം നേടിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ ദുരുപയോഗം തടയാന്‍ നടപടിക്കൊരുങ്ങുകയാണ് ആഗോള ടെക് ഭീമന്മാര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ടെക്സ്റ്റുകളും ചിത്രങ്ങളും വീഡിയോകളും വാട്ടര്‍മാര്‍ക്ക് ചെയ്യുന്നതിനെ കുറിച്ച് സഗൗരവം ആലോചന നടത്തുന്നതായി ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപണ്‍ എ ഐ, ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റ്, മെറ്റ തുടങ്ങിയ കമ്പനികള്‍ വൈറ്റ് ഹൗസിനെ അറിയിച്ചു.എഐ ടൂളുകള്‍ വികസിപ്പിക്കുന്നതിന് മുമ്പ് വിശദമായ പരിശോധനകള്‍ നടത്തുമെന്നും പ്രസ്തുത ടൂളുകളുടെ ദുരുപയോഗ സാധ്യത കുറയ്ക്കാന്‍ പരാമാവധി ശ്രമം നടത്തുമെന്നും ടെക് കമ്പനികള്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഇന്‍ഫ്‌ളക്ഷന്‍, ആന്ത്രോപിക് തുടങ്ങിയ കമ്പനികളും ഇക്കാര്യത്തില്‍ നിര്‍ണായക നീക്കം നടത്തുന്നതായി അറിയിച്ചു. ഏഴ് ടെക് കമ്പനികളുടെ എക്‌സിക്യുട്ടീവുകളുമായി ബൈഡന്‍ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്പനികള്‍ നിലപാട് അറിയിച്ചത്. അടുത്തകാലത്തായി സാധാരണക്കാര്‍ക്കിടയില്‍ പോലും പ്രചുരപ്രചാരം നേടിയ എഐ സാങ്കേതിക വിദ്യയുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് ബൈഡന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളുടെ വിജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന എല്ലാ തരം കണ്ടന്റുകളിലും എഐ ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന് വ്യക്തമാക്കുന്ന വാട്ടര്‍മാര്‍ക്കിംഗ് ഉള്‍ച്ചേര്‍ക്കാനാണ് ശ്രമം. സാങ്കേതികമായായിരിക്കും ഇവയില്‍ വാട്ടര്‍മാര്‍ക്ക് ചേര്‍ക്കുക. ഇത് എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന വ്യാജ കണ്ടന്റുകളും ചിത്രങ്ങളും വീഡിയോകളുമൊക്കെ എളുപ്പത്തില്‍ പിടികൂടാന്‍ വഴിയൊരുക്കും. എന്നാല്‍ കണ്ടന്റ് കോപ്പി ഷെയര്‍ ചെയ്ത് മറ്റേതെങ്കിലും വഴിക്ക് ഉപയോഗിച്ചാല്‍ വാട്ടര്‍മാര്‍ക്കിംഗ് ഫലപ്രദമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുമുണ്ട്. മനുഷ്യരുടെതിനു സമാനമായ ഭാഷാ വൈദഗ്ധ്യമുള്ള ജനറേറ്റീവ് എഐ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നേടിയ ചാറ്റ് ജിപിടി പോലുള്ള ടൂളുകള്‍ സമീപകമാലത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. മനുഷ്യനെ വെല്ലുംവിധം എഐ കരുത്താര്‍ജിക്കുന്നത് മനുഷ്യരാശിക്ക് ഭീഷണിയാണെന്ന് ടെക് രംഗത്തെ പ്രമുഖര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദേശീയ സുരക്ഷക്കും സാമ്പത്തിക മേഖലക്കും ഇത് ഭീഷണി സൃഷ്ടിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ദുരുപയോഗം ചെയ്യപ്പെട്ട സംഭവം

അരിസോണയില്‍ നിന്നുള്ള ജെന്നിഫര്‍ ഡിസ്റ്റെഫാനോ എന്ന സ്ത്രീക്കാണ് അജ്ഞാത നമ്പറില്‍ നിന്ന് കോള് വന്നത്. തന്റെ 15 വയസ്സുള്ള മകള്‍ സ്‌കീയിംഗ് യാത്രയ്ക്ക് പോയിരിക്കുകയായിരുന്നു .
ഫോണ്‍ എടുത്തപ്പോള്‍ ‘അമ്മേ’ എന്ന മകളുടെ ശബ്ദമാണ് ആ സ്ത്രീ കേട്ടത്, തുടര്‍ന്ന് കരയുന്നതും. അടുത്തതായി കേട്ടത് ‘ശ്രദ്ധിക്കൂ, നിങ്ങളുടെ മകളെ കിട്ടി’ എന്ന പുരുഷന്റെ ശബ്ദമായിരുന്നു. അവളെ കൊണ്ട് മെക്‌സിക്കോയിലേക്ക് പോകുമെന്നും മയക്കുമരുന്ന് നല്‍കുമെന്നുമായിരുന്നു അയാള് പറഞ്ഞത്.സഹായത്തിനായി വിളിക്കുന്ന മകളുടെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കുന്നുണ്ടായിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ യുവതി കൂട്ടിച്ചേര്‍ത്തു. കൗമാരക്കാരനെ വിട്ടയക്കാന്‍ ഇയാള്‍ ഒരു മില്യണ്‍ ഡോളര്‍ ആവശ്യപ്പെട്ടു. എന്നിരുന്നാലും, തന്റെ പക്കല്‍ അത്രയും പണമില്ലെന്ന് ഡിസ്റ്റെഫാനോ പറഞ്ഞപ്പോള്‍, തട്ടിക്കൊണ്ടുപോയയാള്‍ 50,000 യുഎസ് ഡോളര്‍ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. തനിക്ക് കോള്‍ ലഭിക്കുമ്പോള്‍ മകളുടെ ഡാന്‍സ് സ്റ്റുഡിയോയില്‍ ആയിരുന്നുവെന്നും മറ്റ് അമ്മമാരും ഒപ്പമുണ്ടായിരുന്നുവെന്നും ഡിസ്റ്റെഫാനോ കൂട്ടിച്ചേര്‍ത്തു. അവരില്‍ ഒരാള്‍ 911 ഡയല്‍ ചെയ്യുകയും മറ്റൊരാള്‍ ഡിസ്റ്റെഫാനോയുടെ ഭര്‍ത്താവിനെ വിളിക്കുകയും ചെയ്തു. കൗമാരക്കാരിയായ മകള്‍ സ്‌കീയിംഗ് യാത്രയില്‍ സുരക്ഷിതയാണെന്ന് മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ഫോണിലെ ശബ്ദം തന്റെ മകളുടെത് പോലെയാണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു

Share
അഭിപ്രായം എഴുതാം