അക്രമികളുടെ കാടത്തത്തിന് പോലീസ് വിട്ടുകൊടുത്ത് മാറിനില്‍ക്കുകയായിരുന്നു: മണിപ്പൂരില്‍ ഇരയുടെ വെളിപ്പെടുത്തല്‍

ഇംഫാല്‍: കലാപ ബാധിതമായ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ പോലീസ് അക്രമികള്‍ക്ക് കൂട്ടുനിന്നുവെന്ന ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇരകളിലൊരാള്‍ തന്നെയാണ് നിയമപാലകരുടെ കണ്ണില്‍ ചോരയില്ലാത്ത നീതിരാഹിത്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളെ അക്രമികളുടെ കാടത്തത്തിന് വിട്ടുകൊടുത്ത് പോലീസ് മാറിനില്‍ക്കുകയായിരുന്നുവെന്ന് ഇര പറയുന്നു.’ തങ്ങളുടെ ഗ്രാമം ആക്രമിച്ച സംഘത്തിനൊപ്പമായിരുന്നു പോലീസ്. അക്രമം നടക്കുമ്പോള്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോയ പോലീസ് ഗ്രാമത്തില്‍ നിന്ന് കുറച്ചു ദൂരത്തായി റോഡില്‍ അക്രമിക്കൂട്ടത്തിന് വിട്ടുകൊടുത്ത ശേഷം അവിടെ നിന്ന് പോവുകയായിരുന്നു.’- അവര്‍ പറഞ്ഞു കുല്‍കി-സോമി സമുദായത്തില്‍ പെട്ട 20ഉം 40ഉം വയസ്സുള്ള യുവതികളെയാണ് അക്രമിക്കൂട്ടം നഗ്‌നരാക്കി പൊതു റോഡിലൂടെ ഒരു പാടത്തേക്ക് വലിച്ചുകൊണ്ടുപോയത്. ഇരുപതുകാരി പട്ടാപ്പകല്‍ അതിക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായും മെയ് 18ന് പോലീസില്‍ ഫയല്‍ ചെയ്ത പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കാങ്പോക്പി ജില്ലയിലെ തങ്ങളുടെ ഗ്രാമം ആള്‍ക്കൂട്ടം ആക്രമിച്ചതോടെ രക്ഷ തേടി ഒരു വനത്തിലേക്ക് പലായനം ചെയ്തതായിരുന്നു യുവതികള്‍. പിന്നീട് ഇവരെ പോലീസ് രക്ഷപ്പെടുത്തി തൗബല്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമി സംഘം തടഞ്ഞുവെക്കുകയും ഇവരെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തത്. പോലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റര്‍ അകലെ വച്ചായിരുന്നു സംഭവം. പ്രായം കുറഞ്ഞ യുവതിയുടെ പിതാവിനെയും സഹോദരനെയും അക്രമികള്‍ കൊലപ്പെടുത്തിയതായും പരാതിയിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →