കെ.എൽ. രാഹുൽ ലോകകപ്പ് ടീമിലേക്ക്; സഞ്ജു പുറത്തായേക്കും

കൊച്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം ലിസ്റ്റ് നൽകാനുള്ള തീയതി സെപ്റ്റബർ അഞ്ചാണ്. അതിനു ശേഷം ടീമിൽ ആരെയെങ്കിലും ഉൾപ്പെടുത്തണമെങ്കിൽ, നേരത്തെ നൽകിയ ടീം ലിസ്റ്റിലുള്ള ആർക്കെങ്കിലും പരിക്കോ മറ്റെന്തെങ്കിലും കാരണത്താലോ തുടർന്നു കളിക്കാനാവില്ലെന്ന് ഐസിസിയെ ബോധ്യപ്പെടുത്തേണ്ടിവരും.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഋഷഭ് പന്തിന് ഈ സമയത്തിനുള്ളിൽ മത്സരസജ്ജനാകാൻ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ, കെ.എൽ. രാഹുൽ ആയിരിക്കും ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറെന്നാണ് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നത്.

നിലവിൽ പരിക്കിൽ നിന്ന് മുക്തനായി വരുന്ന രാഹുലിനെ ഇതിനു മുന്നോടിയായി ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താനാണ് സെലക്റ്റർമാർ ഉദ്ദേശിക്കുന്നത്.

”ഋഷഭ് പന്തിന് വീണ്ടും കീപ്പ് ചെയ്തു തുടങ്ങാൻ കൂടുതൽ സമയം ആവശ്യമാണ്. ഏകദിന ക്രിക്കറ്റിൽ രാഹുലാണ് നമ്മുടെ ഒന്നാം നമ്പർ കീപ്പർ, ബാക്കപ്പായി ഇഷാനും സഞ്ജുവും ഉണ്ട്”, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

രാഹുലിനെ ടീമിൽ നിലനിർത്തുന്നതിനു വേണ്ടി ടെസ്റ്റിലും ഫുൾ ടൈം വിക്കറ്റ് കീപ്പറാക്കാൻ നേരത്തെ ആലോചനകളുണ്ടായിരുന്നെങ്കിലും, കായിക്ഷമതയിലെ പ്രശ്നങ്ങൾ തടസമായി. നിലവിൽ ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ (എൻസിഎ) രാഹുൽ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഐപിഎല്ലിനിടെ തുടയിലേറ്റ പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.

രാഹുലിനെക്കൂടാതെ, ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ എന്നിവരെക്കൂടി അയർലൻഡിനെതിരായ പരമ്പരയിൽ ഉൾപ്പെടുത്താനാണ് ബിസിസിഐ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, രാഹുലിന്റെയും ശ്രേയസിന്റെയും കാര്യത്തിൽ കൂടുതൽ സമയം വേണമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അതു മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിൽ ബുംറയെ അയർലൻഡിനെതിരായ മത്സരങ്ങളിലും, രാഹുലിനെയും ശ്രേയസിനെയും ഏഷ്യ കപ്പിലും കളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

വെസ്റ്റിൻഡീസിനെതിരായ പരിമിത ഓവർ മത്സരങ്ങളിൽ അവസരം ലഭിക്കുന്ന പക്ഷം അസാമാന്യ പ്രകടനം തന്നെ കാഴ്ചവച്ചില്ലെങ്കിൽ മലയാളി താരം സാംസൺ സഞ്ജു സാംസൺ തുടർന്നങ്ങോട്ട് ടീമിൽ ഉണ്ടാകില്ലെന്നു കൂടിയാണ് ഇത് അർഥമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →