കൊല്ലം: താൻ മാനേജരായ സ്‌കൂളിലൂടെ കേരളത്തിലെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരത്തിന് തുടക്കമിടുകയാണെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹോം വർക്ക് നൽകില്ലെന്നും അവർ അച്ഛന്റെയും അമ്മയുടേയും നെഞ്ചോട് ചേർന്ന് കിടന്നുറങ്ങട്ടെ എന്നും തീരുമാനിച്ചതായി ഗണേഷ് കുമാർ പറഞ്ഞു.
ഞാൻ ഇന്നലെ ഒരു തീരുമാനം എടുത്തു. ഞാൻ മാനേജരായ സ്‌കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ് വരെ ഇനി മുതൽ കുട്ടികൾക്ക് ഹോം വർക്കോ പുസ്തകം വീട്ടിൽ കൊടുത്തയക്കുകയോ വേണ്ടതില്ലെന്ന്. കേരളത്തിൽ ഒരു വിദ്യാഭ്യാസ പരിഷ്‌കാരം ഞാൻ എന്റെ സ്‌കൂളിൽനിന്ന് തന്നെ തുടങ്ങുകയാണ്. നാലാം ക്ലാസ് വരെയുളള കുട്ടികൾ വീട്ടിൽ വന്നാൽ കളിക്കണം, ടി.വി. കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേർന്ന് അവരെ കെട്ടിപ്പിടിച്ച് രാത്രിയിൽ സന്തോഷത്തോടെ ഉറങ്ങണം. എന്നിട്ട് രാവിലെ സ്‌കൂളിൽ വരട്ടെ’ ഒരു പൊതുപരിപാടിക്കിടെ ഗണേഷ് കുമാർ പറഞ്ഞു.
പഠനം സ്‌കൂളിൽ ആകട്ടെ, കുട്ടികൾക്ക് പുസ്തകം വീട്ടിലേക്ക് കൊടുത്തുവിടേണ്ടതില്ല. അച്ഛന്റേയും അമ്മയുടേയും സ്‌നേഹം പിന്നീട് എപ്പോഴാണ് അവർക്ക് കിട്ടാൻ പോകുന്നതെന്നും ഗണേഷ് ചോദിച്ചു. അച്ഛന്റേയും അമ്മയുടേയും വാത്സല്യം അതില്ലാതിരിക്കാനാണ് താൻ ഈ പരിഷ്‌കാരം കൊണ്ടുവന്നത്. അതിൽ കേരള സർക്കാരിന്റെ ഉത്തരവുണ്ട് മാങ്ങയുണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും പത്തനാപുരം എം.എൽ.എ. പറഞ്ഞു..
ഒരു കുഞ്ഞിനെ പഠിപ്പാക്കാൻ അധ്യാപകന് ആയിരം മണിക്കൂർ വർഷത്തിൽ കിട്ടുന്നുണ്ട്. അത് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവർ അമ്മയുടേയും അച്ഛന്റേയും മടിയിൽ കയറി കളിക്കട്ടെ. അതിന്റെ വ്യത്യാസം കാണമെന്നും മൂല്യമുള്ള മക്കളുണ്ടാകുമെന്നും താൻ ഉറപ്പിച്ചു പറയുന്നതായും ഗണേഷ് കുമാർ വ്യക്തമാക്കി…

