ശ്രീഗോകുലം ചിറ്റ്‌സ് & ഫിനാൻസിനെ കബളിപ്പിച്ച് കോടികൾ തട്ടിയ സ്റ്റാർ ഗ്രൂപ്പ് ഉടമയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം : ശ്രീഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിൽ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തതിന് വ്യവസായി സ്റ്റാർ ഗ്രൂപ്പ് ഉടമ കുഞ്ഞുമോനെതിരെ പൊലീസ് കേസ്. ഈട് നൽകിയ വസ്തു മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം നടത്തിയായിരുന്നു തട്ടിപ്പ്. തിരുവനന്തപുരത്തു നിരവധി ബിസിനസുകളുള്ള ആളാണ് കുഞ്ചാലുമ്മൂട് സ്വദേശി സ്റ്റാർ കുഞ്ഞുമോൻ.

2017ൽ രണ്ടു വസ്തുക്കൾ ഈട് നൽകി ഗോകുലം ചിറ്റ്‌സ് ആൻഡ് ഫിനാൻസിൽ നിന്നും ചിട്ടി പിടിച്ചു. രണ്ടു ശാഖകളിൽ നിന്നായി 11 ചിട്ടികളായിരുന്നു പിടിച്ചത്. മൊത്തം തട്ടിയെടുത്തത് മൂന്നു കോടി 76 ലക്ഷം രൂപ. ആദ്യ ഗഡുക്കൾ അടച്ചിരുന്നു. 2018 ന് ശേഷം പണം തിരിച്ചടച്ചില്ല. പിന്നാലെ ധനകാര്യ സ്ഥാപനം നിയമനടപടിക്കൊരുങ്ങിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഈട് നൽകിയ വസ്തു വകകളുടെ ആധാരം പത്ര പരസ്യം നൽകി മറ്റൊരാളുടെ പേരിലേക്ക് നിയമവിരുദ്ധമായി വക മാറ്റുകയായിരുന്നു പ്രതി.

പിന്നാലെ ധനകാര്യ സ്ഥാപനം കരമന പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈട് നൽകിയതിൽ ഒരു വസ്തു കുഞ്ഞുമോന്റെ ഭാര്യയുടെ പേരിലുള്ളതാണ്. ഭാര്യ ശൈലയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →