ചെന്നൈ: അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്നുള്ള പുറത്താക്കാനുള്ള ഏകപക്ഷീയമായ നടപടി ഗവര്‍ണര്‍ ആര്‍.എന്‍. രവി പിന്‍വലിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടലിനെത്തുടര്‍ന്ന്. നടപടിക്കു മുമ്പ് നിയമോപദേശം തേടണമെന്നായിരുന്നു അമിത് ഷായുടെ നിര്‍ദേശം. 30/06/23 വെള്ളിയാഴ്ച രാത്രി ഏഴിനാണ് മന്ത്രിയെ പുറത്താക്കി ഗവര്‍ണര്‍ അഞ്ചു പേജ് കത്തു നല്‍കിയത്. മണിക്കൂറുകള്‍ക്കു ശേഷം രാത്രി 11.45 ന് ഈ ഉത്തരവു പിന്‍വലിച്ചു കൊണ്ട് ഒരു പേജ് കത്തും നല്‍കി. രണ്ടുകത്തുകളിലെയും വിശദാംശങ്ങള്‍ പുറത്തുവന്നു.
‘ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം കൂടി തേടുന്നതാകും ഉചിതമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉപദേശിച്ചു. ഈ സാഹചര്യത്തല്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടും. അടുത്ത അറിയിപ്പ് വരുന്നതുവരെ മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് നടപ്പാക്കേണ്ടതില്ല.’-രണ്ടാമത്തെ കത്തില്‍ പറയുന്നു. സാധാരണഗതിയില്‍ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിലനിര്‍ത്താനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്നു ഗവര്‍ണര്‍ ആദ്യ കത്തില്‍ പറഞ്ഞിരുന്നു.
‘നിരവധി അഴിമതിക്കേസുകളില്‍ സെന്തില്‍ ബാലാജി ക്രിമിനല്‍ നടപടി നേരിടുകയാണ്. അദ്ദേഹം മന്ത്രിപദവിയില്‍ തുടരുന്നതു നിയമനടപടികളെയും അന്വേഷണത്തെയും തടസപ്പെടുത്തുമെന്ന് ആശങ്കയുണ്ട്. അത്തരം സാഹചര്യം സംസ്ഥാനത്തിന്റെ ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയ്ക്കും വഴി തെളിക്കും. ഈ സാഹചര്യത്തില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 154, 163, 164 എന്നിവ പ്രകാരം എന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് വി. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കുന്നു.’-ആദ്യ കത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണറുടെ ഏകപക്ഷീയ നടപടിക്കെതിരേ ഭരണകക്ഷിയായ ഡി.എം.കെയും സഖ്യകക്ഷിയായ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മന്ത്രിസഭയുടെ ഉപദേശപ്രകാരം മാത്രമേ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാകൂ എന്ന് 1975 ലെ നിര്‍ണായക വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഇരു പാര്‍ട്ടികളും ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രതികരണം. മന്ത്രിസഭയിലെ ഒരംഗത്തെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. വിഷയം നിയമപരമായി നേരിടുമെന്നും ഉത്തരവു പുറത്തുവന്നതിനു പിന്നാലെ സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.

