തിരുവനന്തപുരം : വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മാനേജരായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും ബിസിസിഐ മുന്‍ ജോയിന്റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ നിയമിച്ചു. ബിസിസിഐയുടേതാണ് നടപടി. ജൂലായ് 12 മുതലാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. പര്യടനത്തില്‍ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമടക്കം ആകെ 10 മത്സരങ്ങളാണുള്ളത്. ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് ഇന്ത്യന്‍ ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം. ഇന്ത്യന്‍ മുന്‍ താരം സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരുന്ന കാലയളവിലാണ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചത്.
പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ജൂലായ് 12 ന് ഡൊമനിക്കയിലെ വിസ്ഡന്‍ പാര്‍ക്കിലാണ് നടക്കുക. ജൂലായ് 20 മുതല്‍ 24 വരെയാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. മൂന്ന് ഏകദിനങ്ങളില്‍ ആദ്യ ഏകദിനം 27നും, രണ്ടാം ഏകദിനം 29നും, മൂന്നാം ഏകദിനം ഓഗസ്റ്റ് 1നും നടക്കും. അഞ്ച് ടി 20 മത്സരങ്ങളാണ് വിന്‍ഡീസിനെതിരെ ഇന്ത്യ കളിക്കുക.ആദ്യ ടി20 ഓഗസ്റ്റ് 3നും, രണ്ടാം ടി20 6നും, മൂന്നാം ടി20 8നും, നാലാം ടി20 12നും, അഞ്ചാം ടി20 13നും നടക്കും. ഏകദിന മത്സരങ്ങള്‍ രാത്രി 7 മണി മുതലും ടി20 മത്സരങ്ങള്‍ രാത്രി 8 മണിക്കുമാണ് നടക്കുക. മലയാളി താരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരടങ്ങുന്ന സീനിയര്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് ലഭ്യമാകുന്ന സൂചന.

