ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ നടന്ന വധശ്രമത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അഖിലേഷ് യാദവ് .
ഉത്തർപ്രദേശിലെ സഹരൻപൂരിൽ വച്ചാണ് സംഭവം നടന്നത്. കാറിന്റെ മുൻവശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്. ആസാദ് വാഹനത്തിന്റെ മുൻവശത്താണ് ഇരുന്നിരുന്നത്. ഒരു പൊതുപരിപാടിയ്ക്ക് പോകുന്നതിനിടെയായിരുന്നു ചന്ദ്രശേഖർ ആസാദിന് വെടിയേറ്റത്. യുപിയിൽ ഇപ്പോൾ നടക്കുന്നത് ജംഗിൾ രാജാണ്. രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും പോലും രക്ഷയില്ല. അപ്പോൾ ബിജെപി ഭരണത്തിന് കീഴിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും അഖിലേഷ് യാദവ് ചോദിച്ചു.

ബിജെപി ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിൽ നടക്കുന്ന അക്രമങ്ങൾ പരിധികൾ ലംഘിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് ശിവ്പാൽ സിംഗ് യാദവും കുറ്റപ്പെടുത്തി. ഏറ്റവുമൊടുവിൽ ചന്ദ്രശേഖർ ആസാദിന് നേരെ നടന്ന വധശ്രമം സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം ആകെ തകർന്നെന്ന് ചൂണ്ടിക്കാണിക്കുന്നുവെന്നും ഇനിയെങ്കിലും സർക്കാർ ഉണരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ചന്ദ്രശേഖർ ആസാദിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി സഹരൻപൂർ എസ്എസ്പി അറിയിച്ചു. ആസാദ് സഞ്ചരിച്ച കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഹരിയാന നമ്പർ പ്ലേറ്റിലെത്തിയ സംഘമാണ് വെടിയുതിർത്തത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. ചന്ദ്രശേഖർ ആസാദിനെ ചികിത്സയ്ക്കായി സിഎച്ച്‌സിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →