മത്സ്യബന്ധനത്തിനിടെ ഹ‍ൃദയാഘാതം: മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനം മൂലം കടലിൽ മരിച്ച തമിഴ്നാട് കടലൂർ ജില്ലയിലെ പുതുപ്പേട്ട, സുനാമി നഗർ സ്വദേശി മഹാദേവെൻറ (55) മൃതദേഹം സൗദി അറേബ്യയിലെ ജീസാനിൽ നിന്ന് നാട്ടിലെത്തിച്ചു. ജിദ്ദ, ദുബൈ, ചെന്നൈ വഴിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ജീസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന മത്സ്യബന്ധന സ്ഥാപനത്തിൽ മത്സ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്.

ഭാര്യ – ഇന്ദിര, മക്കൾ – മഹാദേവി, മധുമിത. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ കൽച്ചറൽ ഫൗണ്ടേഷൻ (ഐ.സി.ഫ്) ജിസാൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ താഹ കിണാശ്ശേരി, സിറാജ് കുറ്റ്യാടി, മുഹമ്മദ് സ്വാലിഹ് കാസർകോട്, ഹാരിസ് പട്ള, നാസർ കല്ലായി, റഹനാസ് കുറ്റ്യാടി എന്നിവർ നേതൃത്വം നൽകി. മഹാദേവന്റെ സഹപ്രവർത്തകൻ ജനഗ ബൂപതിയും സഹായ സഹകരണവുമായി കൂടെയുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വേഗം മഹദേവെൻറ മൃതദേഹം നാട്ടിൽ എത്തിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും പ്രത്യേകം നന്ദി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →