വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് റിമാൻഡിൽ

ആലപ്പുഴ ∙ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ 2023 ജൂൺ 23 വെള്ളിയാഴ്ച രാത്രി 12.50 ന് കോട്ടയത്തു നിന്ന് അറസ്റ്റിലായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് റിമാൻഡിൽ. നിഖിൽ കോഴിക്കോടാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്നും എംസി റോഡിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും അന്വേഷണ സംഘത്തിനു രഹസ്യവിവരം കിട്ടിയിരുന്നു. സ്റ്റാൻഡിൽ എത്തിയ ബസിൽ കയറി പരിശോധിക്കുമ്പോൾ തൊപ്പി വച്ച് മാസ്ക് കൊണ്ടു മുഖം മറച്ച നിലയിലായിരുന്നു. ജൂൺ 24 ന് പുലർച്ചെ 2.15ന് കായംകുളം സ്റ്റേഷനിലെത്തിച്ചു. രാവിലെ 9.55 ന് അറസ്റ്റ് രേഖപ്പെടുത്തി.

കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ ബിരുദ സർട്ടിഫിഫിക്കറ്റ് 2 ലക്ഷം രൂപയ്ക്കു തനിക്കു സംഘടിപ്പിച്ചു തന്നത് സുഹൃത്തായ എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം അബിൻ സി. രാജാണെന്നും എറണാകുളം പാലാരിവട്ടത്തെ ഓറിയോൺ എന്ന ഏജൻസി വഴിയാണ് ഇതു കിട്ടിയതെന്നും നിഖിൽ വെളിപ്പെടുത്തി.

എസ്എഫ്ഐ കായംകുളം മുൻ ഏരിയ പ്രസിഡന്റ് കൂടിയായ അബിൻ സി. രാജിന് 2020 ജൂണിൽ നിഖിൽ 2 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു.അബിന്റെ അമ്മയുടെ അക്കൗണ്ടിലേക്കാണ് ഈ തുക ഇട്ടിരുന്നത്. അതു വ്യാജ സർട്ടിഫിക്കറ്റിനുള്ള പ്രതിഫലമാണെന്ന് ചോദ്യം ചെയ്യലിൽ നിഖിൽ സമ്മതിച്ചു. കായംകുളം മുൻ ഏരിയ സെക്രട്ടറിയായ നിഖിലിനെ എസ്എഫ്ഐ പുറത്താക്കിയിരുന്നു.

മാലെയിൽ അധ്യാപകനായി ജോലി ചെയ്യുന്ന അബിനെ കേസിൽ രണ്ടാം പ്രതിയാക്കി പൊലീസ് റിപ്പോർട്ട് നൽകി. ഇയാൾക്കായി പൊലീസ് റെഡ് കോർണർ നോട്ടിസ് ഇറക്കും. നിഖിലിനെ കായംകുളം മജിസ്ട്രേട്ട് കോടതി 30 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത് എവിടെ നിന്നറിയാൻ ഹരിപ്പാട് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട്ടേക്കു തിരിച്ചു.

ബികോം ജയിക്കാത്ത നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം .നേടിയെന്നാണു കേസ്. അഞ്ചു ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കോഴിക്കോട് നിന്നു കൊട്ടാരക്കരയിലേക്കു കെഎസ്ആർടിസി എസി ലോഫ്ലോർ ബസിൽ യാത്ര ചെയ്യുന്നതിനിടെ കോട്ടയം സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു.

കലിംഗയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് ഒറിജിനൽ ആണെന്നും കേരള സർവകലാശാലയിൽ ഇതു നൽകി കോഴ്സിനു രജിസ്റ്റർ ചെയ്താൽ ഒരിക്കലും പിടിക്കപ്പെടില്ലെന്നും പറഞ്ഞ് സുഹൃത്ത് അബിൻ സി. രാജ് തന്നെ ചതിച്ചതാണെന്ന് നിഖിൽ. പൊലീസിനു നൽകിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയത്. അബിൻ ചതിച്ചതാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും ‘അതേ’ എന്നായിരുന്നു നിഖിലിന്റെ മറുപടി. എസ്എഫ്ഐ വഴിയാണ് അബിനെ പരിചയപ്പെട്ടതെന്നും നിഖിൽ പറഞ്ഞു. …

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →