ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ വെട്ടിച്ചുരുക്കി
നിലവിൽ നാല് പൊലീസുകാരാണ് മാതോശ്രീയിൽ സുരക്ഷയൊരുക്കുന്നത്
ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ വെട്ടിച്ചുരുക്കി
മുംബൈ: ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ വെട്ടിക്കുറച്ചതായി റിപ്പോർട്ടുകൾ. താക്കറെയുടെ വസതിയായ മാതോശ്രീയിൽ സ്ഥാപിച്ചിരുന്ന മെറ്റൽ ഡിറ്റക്ടറുകൾ നീക്കം ചെയ്തു. കൂടാതെ, അവിടെ വിന്യസിച്ചിരുന്ന രണ്ട് പ്രത്യേക പൊലീസ് സേനാ ഓഫീസർമാരെയും ആറ് പോലീസ് ഉദ്യോഗസ്ഥരെയും നീക്കം ചെയ്തിട്ടുണ്ട്.
നിലവിൽ നാല് പൊലീസുകാരാണ് മാതോശ്രീയിൽ സുരക്ഷയൊരുക്കുന്നത്. കൂടാതെ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിൻ്റെ എണ്ണവും വെട്ടിച്ചുരുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താക്കറെയെ കൂടാതെ, ഭാര്യ രശ്മി, മക്കളായ ആദിത്യ, തേജസ് എന്നിവരുടെ വാഹനവ്യൂഹത്തിൽ നിന്നും ഓരോ വാഹനം വീതം നീക്കം ചെയ്തിട്ടുണ്ട്.അതേസമയം എന്തുകൊണ്ടാണ് താക്കറെയുടെ സുരക്ഷാ കവചം വെട്ടിക്കുറച്ചതെന്ന് ഇതുവരെ അറിവായിട്ടില്ല.
