തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗംവിളിച്ചത് വിവാദത്തില്‍. വെള്ളിയാഴ്ചയാണ് സെക്രട്ടറിയേറ്റിലുള്ള വകുപ്പ് സെക്രട്ടറമാരുടെ യോഗം വിളിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തിനു ശേഷം സെക്രട്ടറിമാര്‍ കോവിഡ് ടെസ്റ്റ് നടത്തി. എല്ലാ മാസവും നടത്തുന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗമാണ് വെള്ളിയാഴ്ച നടന്നത്. യോഗത്തില്‍ 32 വകുപ്പ് സെക്രട്ടറിമാര്‍ പങ്കെടുത്തിരുന്നു.
കോവിഡ് പ്രതിരോധ ചുമതലയുള്ളവരടക്കം പങ്കെടുക്കുന്ന യോഗമായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വേണമെന്ന് സെക്രട്ടറിമാര്‍ പലരും ആവശ്യപ്പെട്ടെങ്കിലും ചീഫ് സെക്രട്ടറി വഴങ്ങിയില്ല. കണ്ടെയിന്‍മെന്റ് സോണില്‍നിന്നും കോവിഡ് പ്രതിരോധ ഡ്യൂട്ടിയുള്ളവരും എയര്‍കണ്ടീഷന്‍ഡ് ഹാളില്‍ ഒന്നിച്ചിരുന്നതുകൊണ്ടാണ് യോഗശേഷം കൊവിഡ് ടെസ്റ്റ് നടത്തിയത്.
സമരങ്ങള്‍ നടത്തുന്നതുപോലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആളുകള്‍ കൂട്ടംചേരുന്നത് ഒഴിവാക്കാനാണ് കോടതി ഈ നിര്‍ദേശം വച്ചത്. ഇത്തരം സ്ഥിതിവിശേഷം നിലനില്‍ക്കെ സംസ്ഥാന ചീഫ് സെക്രട്ടറി യോഗം വിളിച്ചത് ഗുരുതരമായ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.