തിരുവനന്തപുരം : സംസ്ഥാനത്ത് 2023 ജൂൺ 20 ന് പനി ബാധിച്ച് ചികിത്സ തേടിയത് 12876 പേർ. ഏറ്റവും കൂടുതൽ രോഗികൾ മലപ്പുറം ജില്ലയിലാണുള്ളത്. മലപ്പുറത്ത് 2095 പേരാണ് ചികിത്സ തേടിയത്. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. ജില്ലയിൽ 1156 പനിബാധിതരായി ചികിത്സ തേടി. 133 പേർക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരികരിച്ചത്. സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
കേരളം പനിച്ചുവിറയ്ക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും കൂടുതൽ പനിവാർഡുകൾ തുറന്നിട്ടുണ്ട്. എലിപ്പനി പ്രതിരോധിക്കാൻ മരുന്നുകൾ വ്യാപകമായി നൽകുന്നുണ്ടെങ്കിലും പലരും മരുന്ന് കഴിക്കാൻ വിമുഖത കാട്ടുന്നു എന്ന പ്രശ്നവും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ മുന്നിലുണ്ട്. ആവശ്യത്തിന് മരുന്നുകൾ എല്ലാ ആശുപത്രിയിലും എത്തിച്ചിട്ടുണ്ടെന്നും കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് കൃത്യമായി പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിക്കുന്നു. ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി ‘മാരിയില്ലാ മഴക്കാലം’ എന്ന പേരിൽ പ്രത്യേക കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി, പേശീവേദന, കാൽമുട്ടിൽ അതിശക്തമായ വേദന, കണ്ണിൽ വീക്കവും വേദനയും, കണ്ണിന് ചുവപ്പുനിറം മുതലായവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഒട്ടും വൈകാതെ ചികിത്സ തേടാം. ശക്തമായ പനിയ്ക്കൊപ്പം മഞ്ഞപ്പിത്തവും ഉണ്ടായാൽ എലിപ്പനിയാണോ എന്ന് ബലമായി സംശയിക്കണം. പനിയ്ക്കൊപ്പം ഛർദിയും വയറിളക്കവും ഉണ്ടാകുന്നതും എലിപ്പനിയുടെ ലക്ഷണമാണ്.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, നെഞ്ചിലും മുഖത്തും തടിപ്പുകൾ മുതലായവയാണ് ഡെങ്കിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഇവയ്ക്കൊപ്പം കടുത്ത വയറുവേദന, മലത്തിന് കറുത്ത നിറം, ശ്വാസ തടസം, തളർച്ച എന്നിവയുണ്ടെങ്കിൽ ഉടനടി വൈദ്യസഹായം തേടണം

