കൊച്ചി : ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ കെ വിദ്യ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഇതിനിടെ 2023 ജൂൺ 10 ശനിയാഴ്ച രാവിലെ അന്വേഷണ സംഘം വിദ്യയുടെ തൃക്കരിപ്പൂർ മണിയനൊടിയിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
Read More: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ വിചിത്ര നടപടിയുമായി പോലീസ്
വീട് പൂട്ടിക്കിടക്കുന്നത് കണ്ട് പോലീസ് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന് ബന്ധുക്കൾ വീടിന്റെ താക്കോൽ പോലീസിനു നൽകി. ബന്ധുവിന്റെയും അയൽവാസിയുടെയും സാന്നിധ്യത്തിൽ വീടു തുറന്ന് ഒന്നരമണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കിട്ടിയിരുന്നില്ല.
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ നിർമിച്ച കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയെ കണ്ടെത്താൻ സൈബർ സെല്ലിന്റെ സഹായം പൊലീസ് തേടി. വിദ്യ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചതായി അഗളി പൊലീസ് അറിയിച്ചു. പ്രതിയുടെ നീക്കങ്ങൾ നിരീക്ഷണത്തിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

