നെടുങ്കണ്ടം (ഇടുക്കി): വണ്ടൻമെട്ടിൽ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടശേഷം പതിനേഴുകാരനായ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കി. ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 2023 ജൂൺ 7 ബുധനാഴ്ച രാത്രി പതിനേഴുകാരന്റെ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർഥിയും മരണരംഗങ്ങൾ ‘ലൈവ്’ ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദേശം.
ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു ജൂൺ 5 തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെയാണ് 07/06/23 ബുധനാഴ്ച രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്. ഇരുവരുടെയും സമപ്രായക്കാരായ മുപ്പതോളംകുട്ടികളും ഗെയിമിന്റെ പിടിയിയിലായതായി പൊലീസ് സംശയിക്കുന്നുണ്ട്.