ഒഡീശ ട്രെയിൻ ദുരന്തം അട്ടിമറി?
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ

ബാലസോർ/ ന്യൂഡൽഹി: ഒഡീശ ട്രെയിൻ ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ. അപകടത്തിന്‍റെ മൂലകാരണവും അതിനു പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തിക്കഴിഞ്ഞെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റെയിൽവേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രെയിനുകളുടെ സാന്നിധ്യം കണ്ടെത്തുന്ന ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ് സിസ്റ്റം താറുമാറായതാണ് സംശയത്തിന് ആക്കം കൂട്ടുന്നത്. ഇത് ബോധപൂർവം തകരാറിലാക്കിയതാണോ എന്നാണ് സംശയം.

ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അപകടത്തിന്‍റെ കാരണം ഇലക്‌ട്രോണിക് പോയിന്‍റ് മെഷീനും ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങുമായി ബന്ധപ്പെട്ടു കിടക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പോയിന്‍റ് മെഷീനിന്‍റെ സെറ്റിങ്ങുകൾ മാറിയിരുന്നു. അന്വേഷണത്തിനൊടുവിൽ മാത്രമേ അതെങ്ങനെയെന്നും എന്തു കൊണ്ടെന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കൂ.

അപകടത്തിന്‍റെ കാരണം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അതിന്‍റെ വിശദാംശങ്ങളിലേക്ക് കടക്കാനാകില്ലെന്നും അന്വേഷണ റിപ്പോർട്ട് പുറത്തു വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ 275 പേരാണ് കൊല്ലപ്പെട്ടത്. 187 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അപകട സ്ഥലത്തു തന്നെ തുടരുകയാണ് അശ്വിനി വൈഷ്ണവ്. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനും അദ്ദേഹത്തിനൊപ്പമുണ്ട്. അപകടം നടന്ന ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾ തുടരുകയാണ്. മൂന്നു ദിവസങ്ങൾക്കു ശേഷം മാത്രമേ ഇലക്‌ട്രിക് ട്രെയിനുകൾ കടത്തി വിടാൻ സാധിക്കൂ. യുദ്ധകാലാടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.

പോയിന്‍റ് മെഷീൻ സെറ്റിങ്സ് മാറിയതിനു പിന്നിൽ പുറത്തു നിന്നുള്ള ഇടപെടൽ ഉണ്ടോ എന്നത് തള്ളിക്കളയാനാകില്ലെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. ഫെയിൽ സേഫ് സിസ്റ്റമാണത്. അതായത് ഏതെങ്കിലും വിധത്തിൽ സിസ്റ്റം താറുമാറായാൽ ഉടനടി എല്ലാ സിഗ്നലുകളും ചുവപ്പാകുകയും ട്രെയിൻ സർവീസുകൾ നിർത്തുകയും ചെയ്യുന്ന വിധത്തിലാണ് സജ്ജീകരിച്ചിരുന്നത്. ട്രെയിനുകൾ അമിത വേഗതയിലായിരുന്നില്ലെന്നും ലോക്കോ പൈലറ്റിന്‍റെ തെറ്റല്ലെന്നും റെയിൽവേ വ്യക്തമാക്കുന്നുണ്ട്. ഒരു പക്ഷേ പുറത്തു നിന്നോ അകത്തു നിന്നോ ഉള്ള അട്ടിമറിയായിരിക്കാം അപകടത്തിനു പിന്നിലെന്ന് പേരു വെളിപ്പെടുത്താനാകാത്ത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →