ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് പുഴ്ത്തിവച്ചതായി സംശയം. സെറോ സര്‍വേ പ്രകാരം സര്‍ക്കാര്‍ പുറത്ത് വിട്ടതിനെക്കാള്‍ കൂടുതല്‍ പേര്‍ തലസ്ഥാനത്ത് മരിച്ചിട്ടുണ്ട്. നേരത്തെ ബിജെപിയുടെ ഭരണത്തിന് കീഴിലുള്ള രണ്ട് മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു. ഇവിടുത്തെ ശ്മശാനങ്ങളിലെ കണക്ക് പ്രകാരം സര്‍ക്കാര്‍ പുറത്തുവിട്ടതിന്റെ ഇരട്ടിയിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ പുതിയ സെറോ സര്‍വേ വിവരങ്ങള്‍. 11 ജില്ലകളില്‍ നിന്നുള്ള 21,387 പേരില്‍ നടത്തിയ സര്‍വേയിലെ കണക്ക് പ്രകാരം ജൂലൈ 10നകം 23.48 ശതമാനം പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. അതായത് സംസ്ഥാനത്തെ നാലില്‍ ഒന്നു വീതം പേര്‍ക്കും രോഗം വന്നിട്ടുണ്ടെന്നാണു വിലയിരുത്തല്‍. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന്റെ കണക്കില്‍ പോസിറ്റീവ് കേസുകള്‍ 1,09,140 ആണ്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് തലസ്ഥാന നഗരിയിലെ ഏകദേശ ജനസംഖ്യ 3 കോടി ആണ്. അങ്ങനെ വരുമ്പോള്‍ 1,09,140 എന്നത് മൊത്തം ജനസംഖ്യയുടെ 0.36 ശതമാനം മാത്രമാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കൂടുതലായി രോഗം ബാധിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെയാണ് എന്‍സിഡിസി സര്‍വേ നടത്തിയത്. 21,387 സാമ്പിളുകളാണ് സര്‍വേയ്ക്കായി പരിശോധിച്ചത്. അതേസമയം, വിവിധ ലോകനഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡല്‍ഹിയിലെ കോവിഡ് രോഗബാധിതര്‍ കൂടുതലെന്നു വ്യക്തമാക്കുന്നതാണു സെറോ സര്‍വേയിലെ പഠനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു പല നഗരങ്ങളിലും സമാനമായ പഠനം നടന്നിരുന്നു. ഡല്‍ഹിയില്‍ 22.86% പേര്‍ക്കു രോഗം ബാധിച്ചെന്നാണു സെറോ സര്‍വേ പഠനം. ന്യൂയോര്‍ക്കില്‍ 19.3% പേര്‍ക്കു രോഗം ബാധിച്ചെന്നാണു സമാനമായ മറ്റൊരു പഠനത്തിലെ കണ്ടെത്തല്‍. ലണ്ടനില്‍ ഇതു 17.5%, മാഡ്രിഡില്‍ ഇതു 11.3% എന്നീ നിലകളിലാണ്. ജനീവയിലാകട്ടെ 10.8% എന്നതാണു സ്ഥിതി. ടോക്കിയോയില്‍ ഇതു 0.1% പേര്‍ക്കാണ്. സെറോ സര്‍വേ അനുസരിച്ചു ഡല്‍ഹിയിലെ 46 ലക്ഷത്തോളം പേര്‍ക്കു രോഗം വന്നു പോയിരിക്കാമെന്നാണു വിലയിരുത്തല്‍.

