മുംബൈ: മുംബൈ അന്ധേരിയിലെ സീപ്സിലുണ്ടായ തീ പിടിത്തത്തിൽ വൻ നാശ നഷ്ടം. അപകടത്തിൽ ആളപായമില്ല. വ്യാഴാഴ്ച്ച പുലർച്ചെ ഏകദേശം രണ്ടു മണിയോടെ യാണ് എംഐഡിസി സെൻട്രൽ റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്.
ബഹുനില കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിൽ നിന്നും തീ പടർന്നുവെന്നാണ് നിഗമനം. അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീ പടർന്നതിനെത്തുടർന്നുണ്ടായ കനത്ത പുക കാരണം കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ കുടുങ്ങിയ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
12 ഫയർ എഞ്ചിനുകൾ, 8 ജംബോ ടാങ്കറുകൾ, ഒരു ഏരിയൽ വാട്ടർ ടവർ ടെൻഡർ, 2 ഓക്സിജൻ ഉപകരണ വാനുകൾ, ഒരു ക്വിക്ക് റെസ്‌പോൺസ് വെഹിക്കിൾ, 2 റെസ്‌ക്യൂ വാനുകൾ, ഒരു കൺട്രോൾ പോസ്റ്റ്, ഒരു ഫിറ്റർ എന്നിവയാണ് സംഭവ സ്ഥലത്ത് തീ നിയന്ത്രിക്കാനായി വിന്യസിച്ചത്. 3 അസിസ്റ്റന്‍റ് എഞ്ചിനീയർമാരും ഒരു ജൂനിയർ എഞ്ചിനീയറും മറ്റു 11 ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു.
രാവിലെ എട്ടേകാലോടെ തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞതായി അഗ്നി ശമന സേനാംഗങ്ങൾ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കുകൾ പുറത്തു വന്നിട്ടില്ല.

