കൊച്ചി: പ്രശാന്ത് മുരളി പത്മനാഭന് സംവിധാനം ചെയ്ത ‘ബട്ടര്‍ഫ്ലൈ ഗേള്‍ 85’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ധന്യ നാഥ് ഈ ചിത്രത്തിലെ അഭിനയത്തിന് മദ്രാസ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി.
സോഷ്യല്‍ മീഡിയയിലെ ഐഡന്റിറ്റി ക്രൈസിസ് എന്ന വിഷയമാണ് ചിത്രം പറയുന്നത്. സോഷ്യല്‍ മീഡിയ സാധാരണക്കാരുടെ വ്യക്തിത്വത്തെ എത്രത്തോളം ആഴത്തില്‍ സ്വാധീനിക്കുന്നുവെന്നും ജീവിത യാഥാര്‍ത്ഥ്യങ്ങളുമായുള്ള അവരുടെ പൊരുത്തക്കേട് അനാവരണം ചെയ്യുന്നുവെന്നും ഇത് പറയുന്നു. വിവിധ ദേശീയ അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടി ഈ ചിത്രം ഈയിടെയായി ഗംഭീരമാക്കിക്കൊണ്ടിരിക്കുകയാണ്.
ആനന്ദ് മധുസൂദനന് ചിത്രത്തിന് സംഗീതം പകര്‍ന്നപ്പോള്‍ അനില്‍ വിജയ് ക്യാമറ ചലിപ്പിച്ചു. സുനേഷ് സെബാസ്റ്റ്യനായിരുന്നു എഡിറ്റിംഗ് വിഭാഗം. 4ഡി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി വി വിശ്വനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

