തിരുവനന്തപുരം: ബാലരാമപുരം മതപഠനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയുടെ മരണം അന്വേഷിക്കാന്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മൂന്ന് എസ്.എച്ച്.ഒമാരും പ്രത്യേക സംഘത്തിലുണ്ട്. നെയ്യാറ്റിന്‍കര എ.എസ്.പി: ഫറാസ്, ബാലരാമപുരം, കാഞ്ഞിരംകുളം, നെയ്യാറ്റിന്‍കര എസ്.എച്ച്.ഒമാരാണ് സംഘാംഗങ്ങള്‍.
ബീമാപള്ളി സ്വദേശിനിയും ബാലരാമപുരം അല്‍ അമീന് വനിത അറബിക് കോളേജിലെ പ്ലസ്വണ് വിദ്യാര്‍ഥിനി അസ്മിയാമോളെ കോളേജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൂങ്ങിമരണമെന്നും ശരീരത്തില്‍ മറ്റു പരുക്കുകളില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചതിനാല്‍ ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്.
മകളുടെ ആത്മഹത്യയ്ക്കു കാരണം മതപഠനകേന്ദ്രത്തിലെ മാനസിക പീഡനമാണെന്നു വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. മതപഠനകേന്ദ്രത്തിലെ ഉസ്താദും അധ്യാപികയും ഉപദ്രവിച്ചതായി പരാതിയില്‍ പറയുന്നു. നെയ്യാറ്റിന്‍കര എ.എസ്.പിയോടു വിശദാന്വേഷണം നടത്താന്‍ ഡി.ജി.പി. നിര്‍ദേശം നല്കി.
മതപഠനകേന്ദ്രത്തിലെ മൂന്നു ജീവനക്കാരുടെയും അസ്മിയയോടൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെയും മൊഴിയെടുത്തു. ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ചില കാര്യങ്ങളില്‍ ശകാരിച്ചതായും ജീവനക്കാര്‍ മൊഴി നല്കി. മതപഠനകേന്ദ്രത്തില്‍ തുടരാന്‍ താല്പര്യമില്ലെന്ന് അസ്മിയ പറഞ്ഞിരുന്നതായി കൂട്ടുകാരും മൊഴി നല്കി.

