പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 2023 മെയ് മാസം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരം 2023 മെയ് മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാകും ചടങ്ങ്. ഒമ്പതു വര്‍ഷം മുമ്പ് 2014 മേയ് 16 നാണ് മോദി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

970 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ നാലു നില മന്ദിരത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 1,224 എം.പിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ് പുതിയ മന്ദിരം. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, ഭക്ഷണശാല, വിശാലമായ പാര്‍ക്കിങ് ഏരിയ തുടങ്ങിയവയുമുണ്ടാകും. ഇരുസഭകളിലെയും ജീവനക്കാര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി രൂപകല്‍പ്പന ചെയ്ത പുതിയ യൂണിഫോം ഏര്‍പ്പെടുത്തും. 2020 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ മന്ദിരത്തിനു തറക്കല്ലിട്ടത്. അതിനിടെ, മോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തില്‍ ബി.ജെ.പി. ഒരു മാസം നീളുന്ന സാമൂഹിക സമ്പര്‍ക്ക പരിപാടി നടത്തും. മേയ് 30-ന് വലിയ റാലിയോടെ മോദി, പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. രാജ്യത്തെമ്പാടുമായി മുതിര്‍ന്ന ബി.ജെ.പി. നേതാക്കള്‍ പങ്കെടുക്കുന്ന 51 റാലികള്‍ നടത്തും.

Share
അഭിപ്രായം എഴുതാം