കൊച്ചി : കൊച്ചി നഗരത്തിൽ സ്വകാര്യബസുകളുടെ മൽസരയോട്ടത്തിൽ അപകടം. കോൺവെന്റ് റോഡിലൂടെ മൂന്നു ബസുകൾ നടത്തിയ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികരായ ദമ്പതികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കളമശേരിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന വചനം ബസ്, ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത തടസമുണ്ടായി. 2023 മെയ് 10നാണ് അപകടം.
സംഭവം കണ്ടുനിന്നവരൊക്കെ ഭയന്നുപോയി. അപകടമുണ്ടാക്കിയ ബസ് ചില കാറുകളിലും ഉരസിയാണ് കടന്നുപോയത്. നിരീക്ഷണ ക്യാമറകളെ നോക്കുകുത്തിയാക്കിയാണ് നഗരത്തിൽ ഇത്തരം മൽസരയോട്ടങ്ങൾ നടന്നത്. കൊച്ചി നഗരത്തിൽ മൽസരയോട്ടം പാടില്ലെന്ന കോടതിവിധി നിലനിൽക്കെ, ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു മുന്നിലൂടെ സ്വകാര്യബസുകളുടെ മരണപാച്ചിൽ തുടരുന്നത് ജനങ്ങളെ ഭീതിപ്പെടുത്തുന്നുണ്ട്. മൽസരയോട്ടത്തെ തുടർന്ന് അപകടങ്ങൾ പതിവാകുന്നതായി ആക്ഷേപം ഉയരുന്നതിനിടെ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.

