കൊച്ചി: സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് പരിശോധനയും അന്വേഷണങ്ങളും ഇപ്പോഴും നടന്നു വരുന്നു. കൊച്ചിയില്‍ ഇതുവരെ പിടിയിലായത് 4 ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍, വമ്പന്മാര്‍ ഇപ്പോഴും പുറത്ത്.
കഴിഞ്ഞ എട്ട് മാസത്തില്‍ കൊച്ചിയില്‍ നാല് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പിടിയിലായവര്‍ സിനിമാ മേഖലയിലെ വിതരണക്കാരാണെന്ന് എക്സൈസ് പറയുമ്പോഴും ഏതൊക്കെ ലൊക്കേഷനുകളില്‍, ആര്‍ക്കൊക്കെ വിതരണം ചെയ്തുവെന്നതില്‍ അന്വേഷണം മുന്നോട്ട് പോയിട്ടില്ല.
രാസ ലഹരിയുടെ രസത്തില്‍ മയങ്ങുന്ന വമ്പന്മാരെ പിടിക്കാന്‍ വലയൊരുങ്ങിയെന്നാണ് സിനിമാ സംഘടനകള്‍ പറയുന്നത്. എന്നാല്‍ എക്സൈസിന്റെ വലയില്‍ കുരുങ്ങുന്നത് ചെറിയ മീനുകള്‍ മാത്രമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സിനിമാ രംഗത്തെ മയക്കുമരുന്ന് വിതരണക്കാര്‍ എന്ന് എക്സൈസ് വ്യക്തമാക്കുമ്പോഴും ആര്‍ക്ക് വിതരണം ചെയ്തുവെന്നതിലോ ഏതൊക്കെ സെറ്റുകളില്‍ മയക്കുമരുന്ന് എത്തിച്ചുവെന്നതിലോ അന്വേഷണമില്ല.
2022 ആഗസ്റ്റ് 17 നാണ് എട്ടര ഗ്രാം എംഡിഎംഎയുമായി ട്രാന്‍സ്ജന്റര്‍ ദീക്ഷ പിടിയിലാകുന്നത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന ദീക്ഷയുടെ മൊഴിക്ക് പിന്നാലെ അന്വേഷണം എത്തിയത് മോഡലായ റോസ് ഹെമ്മയെന്ന ഷെറിന്‍ ചാരുവിലേക്കായിരുന്നു. 2023 മാര്‍ച്ച് 24ന് ഇടപള്ളിയില്‍ വച്ച് 2.25 ഗ്രാം എംഡിഎംഎയുമായി ഷെറിന്‍ പിടിയിലാകുന്നത്. സിനിമാ മേഖലയില്‍ വിപുലമായ ബന്ധങ്ങളുള്ള ഷെറിന്റെ മയക്കുമരുന്ന് ഇടപാടുകാര്‍ ആരൊക്കെ എന്നതില്‍ ഒരുമാസത്തിനിപ്പുറവും ഉത്തരം കണ്ടെത്താന്‍ പൊലീസ് തുനിഞ്ഞിട്ടില്ല.
2023 ജനുവരി എട്ടാം തീയതിയാണ് കൊച്ചിയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിയും ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ബ്ലെയ്സി പിടിയിലാകുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് മാസം ആശാന്‍ സാബുവെന്ന ശ്യാമിലേക്ക് അന്വേഷണം എത്തി. സിനിമാ മേഖലയിലെ പ്രധാന വിതരണക്കാരില്‍ ഒരാളാണ് ശ്യാമെന്ന് എക്സൈസും സമ്മതിക്കുന്നു. 20 ഗ്രാം എംഡിഎംഎയുമായി ഇടപ്പള്ളിയില്‍ നിന്നാണ് ശ്യാം പിടിയിലാകുന്നത്.
ശ്യാം നല്‍കിയ വിവരങ്ങളില്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് അഭിനേതാവായ ചാര്‍ളി എന്നറിയപ്പെടുന്ന നിധിന്‍ ജോസിനെ മാര്‍ച്ച് 9 ന് പിടികൂടി. വരാല്‍, എല്ലാം സെറ്റാണ് അടക്കം ഒരു ഡസന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ച നിതിന്‍ ജോസിനെ വാടകവീട്ടില്‍ നിന്നുമാണ് എക്സൈസ് സംഘം പിടികൂടുന്നത്.
പിടികൂടുമ്പോള്‍ സിനിമാ ചര്‍ച്ചയാണ് നടന്നതെന്ന് നിതിന്റെ ജാമ്യ ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
എക്സൈസിന്റെ നിരീക്ഷണത്തിലുള്ള പുതുമുഖ നടന്മാരുമായും നിതിന് അടുത്ത സൗഹൃദമാണുള്ളത്. എന്നാല്‍ നിതിന്റെ അറസ്റ്റോടെ ചങ്ങല മുറിഞ്ഞു. ഫോറന്‍സിക്ക് റിപ്പോര്‍ട്ടുകളും ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനകളും വൈകുന്നതാണ് പ്രധാന തടസമെന്നാണ് എക്സൈസ് പറയുന്നു. സിനിമയിലെ പലര്‍ക്കും വേണ്ടി ക്യാരിയറായി ബംഗലുരുവില്‍ നിന്നുമാണ് വലിയ അളവില്‍ ആശാന്‍ സാബുവെന്ന ശ്യാം മയക്കുമരുന്ന് എത്തിക്കുന്നത്. കര്‍ണ്ണാടകത്തിലെ അന്വേഷണവും ഇതുവരെ ലക്ഷ്യം കണ്ടില്ല. ഇതൊക്കെ സിനിമാ ലൊക്കേഷന് പുറത്ത് നടന്ന അറസ്റ്റുകളാണ്. ലൊക്കേഷനുകളിലും കയറി പരിശോധന നടത്തും. മുഖം നോക്കാതെ നടപടി തുടങ്ങിയ വിരട്ടലുകള്‍ ഇപ്പോഴും ഉണ്ടയില്ലാ വെടികള്‍ മാത്രമാണെന്ന് വ്യക്തം.

