തൃശൂര്‍: പൂരം കുടമാറ്റത്തിന് ഫുട്ബോള്‍ താരം മെസിയുടെ ചിത്രം ഉയര്‍ത്തിയതു സംബന്ധിച്ച വിവാദത്തെ ന്യായീകരിച്ചു തിരുവമ്പാടി ദേവസ്വം. സമൂഹ മാധ്യമങ്ങളില്‍ ചിത്രം ഉയര്‍ത്തിയതിനെതിരേ വന്‍ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു ദേവസ്വം രംഗത്തിറങ്ങിയത്. വിശ്വാസികളെ വഞ്ചിച്ചെന്ന ഹിന്ദുസംഘടനകളുടെ വിമര്‍ശനം മുഖവിലയ്ക്ക് എടുക്കേണ്ടെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. കാര്‍ഗില്‍ യുദ്ധസമയത്ത് ജവാന്മാരുടെ ചിത്രവും ഉയര്‍ത്തിയിരുന്നു. സൗഹൃദ മത്സരത്തിന്റെ ഭാഗമായാണ് മെസിയുടെ ചിത്രം ഒരുക്കിയതെന്നും ഭാരവാഹികള്‍ പ്രതികരിച്ചു. കുടമാറ്റം പാറമേക്കാവും തിരുവമ്പാടിയും തമ്മിലുള്ള മത്സരമാണ്. അതല്ലാതെ വിശ്വാസവും ആചാരവുമല്ല. ഇതിന് ഫാന്‍സി കുടയെന്നാണ് പറയുന്നത്. ഉള്ളടക്കത്തില്‍ വലിയ പ്രസക്തിയില്ല.
അവസാനത്തേതായാണ് മെസിയുടെ ചിത്രമുള്ള കുട ഉയര്‍ത്തിയത്. ലോകമാകെ തത്സമയം പ്രക്ഷേപണം ചെയ്യുന്ന ഒന്നാണ് കുടമാറ്റം. തിരുവമ്പാടി ദേവസ്വത്തിന്റെ പൂരാശംസകള്‍ എന്ന് പറഞ്ഞാണ് മെസിയുടെ ചിത്രം അവതരിപ്പിച്ചത്.
വിശ്വാസികളെ വഞ്ചിച്ചിട്ടില്ല. കാര്‍ഗില്‍ യുദ്ധം കഴിഞ്ഞപ്പോള്‍ ജവാന്റെ കുടയും ഉയര്‍ത്തിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. പാറമേക്കാവ് ഈവര്‍ഷം പുലിക്കളിയുടെ ചിത്രം വെച്ചുള്ള കുട ഉയര്‍ത്തി. ഇതിലൊന്നും വിവാദം കണ്ടെത്തേണ്ട കാര്യമില്ലെന്നും ലോകത്തിന് മുന്നില്‍ വലിയ സന്ദേശമാണ് തൃശൂര്‍ പൂരം നല്‍കുന്നതെന്നും ഭാരവാഹികള്‍ വിശദീകരിച്ചു. സാമൂഹിക മാധ്യമത്തില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ദേവസ്വം നിലപാട് മാറ്റി.
മെസിയുടെ ചിത്രം ഉയര്‍ത്തിയത് ആചാര ലംഘനമല്ല: ദേവസ്വം
