തിരുവനന്തപുരം: എ.ഐ. ക്യാമറാവിവാദത്തില്‍ ഉരുണ്ടുകളിച്ചു വീണ്ടും കെല്‍ട്രോണ്‍. അഴിമതികളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു തെളിയിക്കാന്‍ പുതുതായി കെല്‍ട്രോണ്‍ പുറത്തുവിട്ട രേഖകള്‍ നേരത്തെ പുറത്തു വന്നവ മാത്രം.
എസ്.ആര്‍.ഐ.ടി. കമ്പനിക്കു നല്‍കിയ ഉപകരാറിനെക്കുറിച്ചോ കമ്പനിക്കു കൈമാറിയ തുകയോ പരാമര്‍ശിച്ചിട്ടില്ല. പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ് വീണ്ടും കെല്‍ട്രോണ്‍ പുറത്തുവിട്ടിരിക്കുന്നത്.
എ.ഐ. ക്യാമറ ഇടപാടില്‍ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും.
വിശദമായ ഓഡിറ്റിന് ശിപാര്‍ശ ചെയ്താല്‍ എ.ഐ. ക്യാമറ ഇടപാട് അടക്കം കെല്‍ട്രോണ്‍ ഇടനിലക്കാരായ വന്‍ കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ടും അടുത്തയാഴ്ച നല്‍കും. എ.ഐ. ക്യാമറയില്‍ അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്. 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കെല്‍ട്രോണിന്റെ ഉപകരാറിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാല്‍ കരാറിനെക്കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എ.ജി കടക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ ഓരോ സാമ്പത്തിക വര്‍ഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാല്‍ എ.ഐ. ക്യാമറ ഇടപാട് വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിനു മാത്രമായി പരിശോധനക്ക് മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയത്.

