തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ ചരക്കുഗതാഗത നീക്കത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. 2023 ഏപ്രിൽ 26 ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്സിന്റെയും സെക്യൂരിറ്റി ബിൽഡിംഗിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡച്ച് പടയോട്ടത്തെ പ്രതിരോധിച്ച സമര ചരിത്രപാരമ്പര്യം തിരുവിതാംകൂർ രാജവംശത്തിന് അവകാശപ്പെട്ടതാണ്. ഡച്ചുകാരെ തോൽപ്പിക്കുന്നതിൽ വിഴിഞ്ഞത്തിനും കുളച്ചൽ അടക്കമുള്ള പ്രദേശങ്ങൾക്കും നിർണ്ണായകമായ സ്വാധീനമുണ്ടായിരുന്നു. പരമ്പരാഗതമായി നാവിക സേന മുന്നേറ്റത്തിന്റെ കഥയാണ് വിഴിഞ്ഞത്തിന് പറയാനുള്ളത്. ഇവിടെ ഇപ്പോൾ വികസിപ്പിക്കുന്ന രാജ്യന്തര നിലവാരത്തിലുള്ള തുറമുഖം നാടിന്റെ പതിറ്റാണ്ടുകളായിട്ടുള്ള സ്വപ്നമാണ്. സംസ്ഥാന തുറമുഖ വകുപ്പ് കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിക്കുന്നതിനാലാണ് ഈ സ്വപ്നം നമുക്ക് യാഥാർത്ഥ്യത്തിലേക്ക് അടുപ്പിക്കുവാൻ സാധിക്കുന്നതെന്നും ബാലഗാേപാൽ പറഞ്ഞു.
പിണറായി സർക്കാർ സാമൂഹിക സുരക്ഷയോടൊപ്പം പശ്ചാത്തല വികസനത്തിന് നൽകുന്ന ഊന്നലിന്റെ നിദർശനമാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പുരോഗതി എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ കമ്പനി മാനേജിംഗ് ഡയറക്ടർ ഡോ.അദീല അഹമ്മദ്, അദാനി പോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജേഷ് ഝാ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

