പെറുവിൽ ഒരു കൗമാരക്കാരന്റെ മമ്മി കണ്ടെത്തി

ലിമ : (പെറു) പെറുവിയൻ തലസ്ഥാനമായ ലിമയുടെ സമീപത്ത് നിന്ന് ഒരു കൗമാരക്കാരന്റെ മമ്മി കണ്ടെത്തി. മമ്മിക്ക് ഏകദേശം ബിസി 800 – 1200 വരെ വർഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. മമ്മയിൽ നിന്നും ചർമ്മത്തിന്റെ ചില ഭാഗങ്ങളും രോമങ്ങളും ലഭിച്ചെന്ന് ഖനനത്തിന് നേതൃത്വം നൽകിയ യോമിറ ഹുമാൻ എഎഫ്‌പിയോട് പറഞ്ഞു. ഏകദേശം  12-ഓ 13-ഓ വയസ്സ് പ്രായമുണ്ടായിരുന്ന ഒരു കുട്ടിയുടെ നന്നായി സംരക്ഷിക്കപ്പെട്ട മമ്മിയാണ് കണ്ടെത്തിയത്. 

പെറുവിലെ കാജമാർക്വില്ല പുരാവസ്തു സ്ഥലത്ത് രണ്ട് മീറ്റർ (6.5 അടി) ആഴത്തിൽ ഒരു വലിയ പാറയാൽ മൂടപ്പെട്ട ഒരു കുഴിമാടം ഖനനം ചെയ്യുന്നതിനിടെയിലാണ് ഇത് കണ്ടെത്തിയത്. ബിസി 200 ൽ ചെളി ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട നഗരമാണ് കാജമാർക്വില്ല.  അതായത് പ്രശസ്തമായ ഇൻകാ കാലഘട്ടത്തിനും മുമ്പ് നിർമ്മിക്കപ്പെട്ട ഈ നഗരം ബിസി 1500 വരെ നിലനിന്നിരുന്നു. നഗരത്തിൽ ഈ സമയം 10,000 ത്തിനും 20,000 ത്തിനും ഇടയിൽ ആളുകൾ ജീവിച്ചിരുന്നതായി കരുതുന്നു. അതായത് അക്കാലഘട്ടത്തിൽ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നായിരുന്നു ഇത്. 

ഇനിയും ലിംഗഭേദം നടത്തിയിട്ടില്ലാത്ത മമ്മിയുടെ സ്വാഭാവിക മമ്മിഫിക്കേഷന് പ്രദേശത്തെ മണലിലെ ഉയർന്ന ഉപ്പിന്റെ അംശം കാരണമായെന്ന് ഹുമാൻ അവകാശപ്പെടുന്നു. ശരീരത്തിൽ നിന്നും തല വേർപെട്ടിരുന്നെങ്കിലും തലയിൽ മുടിരോമങ്ങൾ കണ്ടെത്തി. അതോടൊപ്പം ചർമ്മത്തിന്റെ ചില ഭാഗങ്ങൾ കൈത്തണ്ടയിലും കാലുകളിലും അവശേഷിച്ചിരുന്നു. മമ്മിയുടെ താടിയെല്ലിൽ പല്ലിന്റെ ചില ഭാഗങ്ങളും അവശേഷിച്ചിരുന്നു. കണ്ടെത്തൽ വളരെ പ്രധാനപ്പെട്ടതാണെന്ന് ഹുമാൻ അവകാശപ്പെട്ടു. കാരണം, ഇപ്പോൾ ലഭിച്ച മമ്മി, മറ്റ് മമ്മികളിൽ നിന്നും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നുവെന്ന് ലിമയിലെ സാൻ മാർക്കോസ് സർവകലാശാലയിലെ പുരാവസ്തു ഗവേഷക തലവനായ ഹുമാൻ പറഞ്ഞു.

മമ്മിയോടൊപ്പം ഒരു കല്ല് ആയുധം, ഒരു പ്ലേറ്റ്, ഒരു ചെമ്പ് സൂചി, തുണിത്തരങ്ങൾ, കുറച്ച് ചോളം, മുളക് എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. മരണാനന്തര ലോകത്ത് ഉപയോഗിക്കുന്നതിനായി വച്ചതാകാം ഇവയെന്ന് കരുതുന്നു. 2022 ഫെബ്രുവരിയിൽ നടത്തിയ ഒരു ഖനനത്തിൽ കാജമാർക്വില്ലയിൽ നിന്ന് എട്ട് കുട്ടികൾ ഉൾപ്പെടെ 20 മമ്മികൾ , പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. അന്ന് കണ്ടെത്തിയവയിൽ നിന്നും ഏറെ നന്നായി സംരക്ഷിക്കപ്പെട്ട മമ്മിയാണ് ഇപ്പോൾ ലഭിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →