അർബുദ രോഗബാധയെ തുടർന്ന് മലയാളി നഴ്സ് യുകെയിൽ നിര്യാതയായി

ലണ്ടൻ: യുകെയിൽ നഴ്സായിരുന്ന തൊടുപുഴ സ്വദേശിനി അർബുദ രോഗബാധയെ തുടർന്ന് നിര്യാതയായി. വെസ്റ്റ് സസെക്സിന് സമീപം ചിചെസ്റ്ററിൽ താമസിച്ചിരുന്ന റെജി ജോണി (49) ആണ് മരിച്ചത്. 2023 ഏപ്രിൽ 18ന് ആയിരുന്നു അന്ത്യം. ചെസ്റ്റർ എൻ.എച്ച്.എസ് ഹോസ്‍പിറ്റലിലെ ബാൻഡ് 7 നഴ്സായിരുന്നു. 2022 മേയ് മാസത്തിൽ യുകെയിലെ ആശുപത്രിയിൽ ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. കൊവിഡിന് ശേഷമുള്ള ശാരീരിക അസ്വസ്ഥതയാകുമെന്ന് കരുതിയെങ്കിലും പരിശോധനയിൽ അർബുദ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർ ചികിത്സകൾ നടത്തിവരവെയാണ് അന്ത്യം.

ചിചെസ്റ്ററിലെ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയാണ് ഭർത്താവ്. യുകെയിൽ എത്തുന്നതിന് മുമ്പ് റെജി ജോണി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നഴ്സായിരുന്നു. അമ്മു ജോണിയാണ് മകൾ.

യു.കെയിലെ നടപടികൾ പൂർത്തിയാക്കി  മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‍‍കാര ചടങ്ങുകൾ  തൊടുപുഴ മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വെച്ചു നടക്കും. യുകെയിലെ നടപടികൾ പൂർത്തിയായ ശേഷമായിരിക്കും സംസ്‍കാര തീയ്യതി തീരുമാനിക്കുകയെന്ന് ബന്ധുക്കൾ പറഞ്ഞു. സഹോദരങ്ങൾ – പി.ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →